പുനലൂര്‍ തങ്കപ്പന്‍ അന്തരിച്ചു
കാഥികന്‍ പുനലൂര്‍ തങ്കപ്പന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. നാലുവര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയായിരുന്നു.
കഥാപ്രസംഗരംഗത്ത് 67 വര്‍ഷം നിറസാന്നിധ്യമായിരുന്ന പുനലൂര്‍ തങ്കപ്പനെ 2013 കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
രണ്ട് വൃക്കകളും തകരാറിലായതിനെ തുടര്‍ന്നാണ് പുനലൂര്‍ തങ്കപ്പന്റെ ഭാര്യ മരിക്കുന്നത്. ഇതിനുശേഷം പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്റെ ക്ഷണപ്രകാരമാണ് പുനലൂര്‍ തങ്കപ്പന്‍ ഗാന്ധിഭവനിലെത്തുന്നത്. കലാകാരനായിരുന്ന കേശവന്‍ ആശാന്റെയും പാര്‍വതിയുടെയും 10 മക്കളില്‍ രണ്ടാമനായാണ് പുനലൂര്‍ തങ്കപ്പന്റെ ജനനം. അച്ഛന്റെ പാത പിന്തുടര്‍ന്ന് മൃദംഗവാദനം, നാടകം എന്നിവയിലൂടെ അദ്ദേഹം കലാജീവിതം ആരംഭിച്ചു. 13ാം വയസില്‍ പുനലൂരില്‍ വച്ച് ആദ്യ കഥപറച്ചില്‍.
1960 കള്‍ മുതല്‍ ഗ്രാമഫോണില്‍ റെക്കോര്‍ഡ് ചെയ്ത കഥാപ്രസംഗങ്ങള്‍…. നൂറുകണക്കിന് വേദികള്‍ പുനലൂര്‍ തങ്കപ്പന്റെ കഥാപ്രസംഗങ്ങള്‍ വര്‍ഷങ്ങളോളം കേട്ടു. നല്ല കുടുംബം, അശ്വത്ഥാമാവ്, കുടുംബാസൂത്രണം, വേളാങ്കണ്ണി മാതാ തുടങ്ങിയ കഥകള്‍ പുനലൂര്‍ തങ്കപ്പന്‍ അവതരിപ്പിച്ചത് രണ്ടായിരത്തിലേറെ വേദികളിലാണ്. രണ്ട് വര്‍ഷം മുന്‍പ് വേലുത്തമ്പി ദളവ എന്ന കഥ 40 തവണ ആകാശവാണി പുനപ്രക്ഷേപണം നടത്തി.
കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരത്തിന് പുറമേ ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവം പുരസ്‌കാരം, ജവഹര്‍ ബാലകലാഭവന്‍ പുരസ്‌കാരം, നവോത്ഥാന കലാവേദി സംസ്ഥാന കമ്മിറ്റി അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.