Saturday, January 4, 2025
National

കര്‍ണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു

പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു. 96 വയസായിരുന്നു. ഉച്ചയ്ക്ക് 1.10 ഓടെ തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. നവരാത്രി മണ്ഡപത്തില്‍ പാടിയ ആദ്യ വനിതയാണ് പാറശാല പൊന്നമ്മാള്‍.

ഹെഡ്മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടേയും ഭഗവതി അമ്മാളുടേയും മകളായി 1924ലാണ് പൊന്നമ്മാളിന്റെ ജനനം. അച്ഛന്റെ സ്ഥലം മാറ്റത്തെ തുടര്‍ന്ന് ആദ്യം അടൂരിലും പിന്നീട് പാറശാലയിലുമായിരുന്നു പ്രാരംഭ പഠനം. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയിലെ ആദ്യ ബാച്ചില്‍ ഗാനപ്രവീണയും പിന്നീട് ഗാനഭൂഷണവും ഒന്നാം റാങ്കോടെ പാസായി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളില്‍ സംഗീത അധ്യാപികയായും തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ലക്ചററായും പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2009ലെ കേരള സര്‍ക്കാരിന്റെ സ്വാതി പുരസ്‌കാരം, കേന്ദ സംഗീത നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്‌കാരങ്ങള്‍, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, ചെമ്പൈ ഗുരുവായൂരപ്പന്‍ പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്‌കാരം, ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ പൊന്നമാളിന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *