സ്കൂൾ തുറക്കാം; ആദ്യഘട്ടത്തിൽ 50 ശതമാനം വിദ്യാർഥികൾ മാത്രം: കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ
ആലപ്പുഴ:പത്ത്, പ്ലസ്ടു ക്ലാസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായുള്ള നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ആദ്യഘട്ടത്തിൽ പരമാവധി 50 ശതമാനം കുട്ടികളെ മാത്രമേ സ്കൂളുകളിൽ അനുവദിക്കാൻ പാടുള്ളു. ആദ്യത്തെ ആഴ്ച ഒരു ബഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസ് ക്രമീകരിക്കണം. രണ്ട് ഷിഫ്റ്റുകളായാണ് ക്ലാസുകൾ പ്രവർത്തിക്കേണ്ടത്. രാവിലെ ഒൻപതിനോ അല്ലെങ്കിൽ പത്തിനോ ആരംഭിച്ച് പന്ത്രണ്ടിനോ ഒന്നിനോ അവസാനിക്കുന്ന ആദ്യഷിഫ്റ്റും ഒരുമണിക്കോ അല്ലെങ്കിൽ രണ്ടുമണിക്കോ ആരംഭിച്ച് നാലിനോ അഞ്ചിനോ അവസാനിക്കുന്ന രണ്ടാമത്തെ ഷിഫ്റ്റും. സ്കൂളിലെ ആകെയുള്ള കുട്ടികൾ, ലഭ്യമായ ക്ലാസ് മുറികൾ, മറ്റുസൗകര്യങ്ങൾ എന്നിവ കണക്കിലെടുത്തുവേണം സ്കൂളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം തീരുമാനിക്കാൻ. കുട്ടികൾ തമ്മിൽ കുറ്ഞ്ഞത് രണ്ടുമീറ്റർ ശാരീരികാകലം പാലിക്കണം. ആവശ്യമെങ്കിൽ ഇതിനായി മറ്റ് ക്ലാസ് മുറികൾ ഉപയോഗപ്പെടുത്തണം. പല ബാച്ചുകളിലെ കുട്ടികൾക്ക് ക്ലാസ് തുടങ്ങുന്നസമയം, ഇടവേള, അവസാനിക്കുന്ന സമയം തുടങ്ങിയവ വ്യത്യസ്തമായി ക്രമീകരിക്കണം.
കോവിഡ് രോഗബാധിതർ(കുട്ടികൾ, അധ്യാപകർ, സ്കൂൾ ജീവനക്കാർ), രോഗലക്ഷണമുള്ളവർ, ക്വാറന്റീനിൽ കഴിയുന്നവർ എന്നിങ്ങനെയുള്ളവർ ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾക്കുശേഷം മാത്രമേ സ്കൂളിൽ ഹാജരാകാൻ പാടുള്ളു. സ്കൂളിൽ അണുനശീകരണ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണം. മുഖാവരണം, ഡിജിറ്റൽ തെർമോമീറ്റർ, സാനിറ്റൈസർ, സോപ്പ് തുടങ്ങിയവയും സജ്ജീകരിക്കേണ്ടതാണ്. സ്റ്റാഫ്റൂമിലും അധ്യാപകർ നിശ്ചിതയകലം പാലിക്കണം. ശാരീരികാകലം പാലിക്കുന്നത് ഓർമിപ്പിക്കുന്ന പോസ്റ്ററുകൾ, സ്റ്റിക്കറുകൾ, സൂചനാബോർഡുകൾ എന്നിവയും സ്കൂളിൽ പതിപ്പിക്കണം. കുട്ടികൾക്കും അധ്യാപകർക്കും അവശ്യഘട്ടങ്ങളിൽ ആരോഗ്യപരിശോധനാ സൗകര്യവും ഒരുക്കണം. സ്കൂൾ വാഹനങ്ങളിലും മറ്റുവാഹനങ്ങളിലും സാമൂഹികാകലം ഉറപ്പുവരുത്തണം. കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും എല്ലാ സ്കൂളുകളിലും കോവിഡ്സെൽ രൂപവത്കരിക്കണം. ആഴ്ചയിൽ ഒരിക്കൽ യോഗംകൂടി സാഹചര്യം വിലയിരുത്തണമെന്നും നിർദേശമുണ്ട്.
മറ്റ് നിർദേശങ്ങൾ
*യാത്രയ്ക്കിടെ അസുഖം ബാധിക്കാനുള്ള നിരവധി സാഹചര്യങ്ങൾ ഉള്ളതിനാൽ വിദ്യാർഥികൾ നിർദേശങ്ങൾ കർശനമായി പാലിക്കണം
*ഭക്ഷണം, കുടിവെള്ളം എന്നിവയും ക്ലാസിൽ ഉപയോഗിക്കുന്ന വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതും ഒഴിവാക്കണം.
*വിദ്യാർഥികളുടെ പഠനപ്രയാസങ്ങളും മറ്റ് ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന് കൗൺസലിങ് ആവശ്യമെങ്കിൽ നൽകണം. ഭിന്നശേഷിക്കുട്ടികൾക്ക് പ്രത്യേകശ്രദ്ധ നൽകണം
*രോഗലക്ഷണമുള്ള കുട്ടികളെ നിരീക്ഷിക്കാൻ ഒരു സിക്ക് റൂം തയ്യാറാക്കണം. പ്രാഥമിക സുരക്ഷാകിറ്റും ലഭ്യമാക്കണം