“എന്റെ ഖബറില്‍ പ്രാർത്ഥിക്കരുത്, എന്നെ ഓർത്ത് കരയരുത്, സന്തോഷിച്ച് പാട്ടുപാടിയാൽ മതി”; ഇറാനിൽ വീണ്ടും വധശിക്ഷ, അന്ത്യാഭിലാഷവുമായി ഇരുപത്തിമൂന്നുകാരൻ
സർക്കാർ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇറാൻ രണ്ടാമത്തെ വധശിക്ഷയും നടപ്പാക്കി. അഞ്ച് ദിവസത്തിനുള്ളിൽ രണ്ടാമത്തെയാളെയാണ് ഇറാനിൽ പരസ്യമായി തൂക്കിലേറ്റുന്നത്. മജീദ് റെസ റഹ്നാവാർദ് എന്ന ഇരുപത്തിമൂന്നുകാരനായ യുവാവിനെയാണ് മഷദ് നഗരത്തിൽ തൂക്കിലേറ്റിയത്. സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമുള്ള കുറ്റം ചുമത്തിയാണ് കോടതി വധശിക്ഷ വിധിച്ചത്.
“കടുത്ത അനീതിയ്ക്കും പ്രദർശന വിചാരണയ്ക്കും ശേഷം നിർബന്ധിത കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് രഹ്‌നവാർഡിന് വധശിക്ഷ വിധിച്ചത്. ഈ കുറ്റകൃത്യം ഇസ്ലാമിക് റിപ്പബ്ലിക്കിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും,” എന്നാണ് നോർവേ ആസ്ഥാനമായുള്ള ഇറാൻ മനുഷ്യാവകാശ ഡയറക്ടർ മഹ്മൂദ് അമിരി-മൊഗദ്ദാം ഈ സംഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്.