മദ്യപാനത്തിനിടെ തർക്കം: നെയ്യാറ്റിൻകരയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു
നെയ്യാറ്റിൻകരയിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ അച്ഛൻ മകനെ കുത്തിക്കൊന്നു. പാതിരിശ്ശേരിയിൽ കുട്ടു എന്ന് വിളിക്കുന്ന എസ് എസ് അരുണാണ്(32) കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ അച്ഛൻ ശശിധരൻ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശശിധരൻ നായരും അരുണും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതും ഇതിന് ശേഷം വഴക്കിടുന്നതും പതിവാണ്. സംഭവദിവസം വാക്കു തർക്കം മൂർച്ഛിക്കുകയും വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ശശിധരൻ നായർ അരുണിനെ കുത്തുകയുമായിരുന്നു.
കുത്തിയതിന് പിന്നാലെ ശശിധരൻ നായർ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. അരുണിന്റെ അമ്മയാണ് യുവാവിന്റെ സുഹൃത്തുക്കളെ വിളിച്ച് കാര്യം പറയുന്നത്. ഇവരെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അര മണിക്കൂറോളം നേരം കുത്തേറ്റ് ചോര വാർന്നു കിടന്ന ശേഷമാണ് അരുണിനെ ആശുപത്രിയിലേക്ക് എത്തിച്ചത്.