കൊല്ലത്ത് മധ്യവയസ്‌കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു; മകൾ അറസ്റ്റിൽ
കൊല്ലം കരിങ്ങന്നൂരിൽ മധ്യവയസ്‌കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. കേസിൽ വീട്ടമ്മയുടെ മകളെ പൊലീസ് അറസ്റ്റ് ചെയ്തു. കരിങ്ങന്നൂർ ആലുംമൂട്ടിൽ സ്വദേശിനി സൗമ്യയെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
വെളിനല്ലൂർ കരിങ്ങന്നൂർ ആലുംമൂട്ടിൽ സ്വദേശിനിയായ സുജാതയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീടിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ മകൾ സൗമ്യയാണ് മാതാവിനെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തി. സുജാതയും സൗമ്യയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വഴക്ക് പതിവായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇവരുടെ വീട്ടുപുരയിടത്തിൽ നിന്ന മരം വിറ്റതിനെ ചൊല്ലി സംഭവ ദിവസം തർക്കം ഉണ്ടായി.
തർക്കത്തെ തുടർന്ന് ഉണ്ടായ അടിപിടിയിലാണ് സൗമ്യ സുജാതയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ മൃതദേഹത്തിന്റെ കഴുത്തിൽ ഉണ്ടായിരുന്ന അടയാളം ശാസ്ത്രീയമായി നടത്തിയ പരിശോധനയിലാണ് മരണം ശ്വാസം മുട്ടിയാണെന്ന് കണ്ടെത്തിയത്. അന്വേഷണത്തിൽ മകളാണ് കൃത്യം നടത്തിയത് എന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മൃതദേഹം പറമ്പിൽ കൊണ്ട് ഇടാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു