നിയമം കൈയ്യിലെടുക്കാന്‍ ആര് അധികാരം നല്‍കിയെന്ന് ഹൈക്കോടതി ;ഭാഗ്യലക്ഷമിയടക്കമുളളവരുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ 30 ന് വിധി പറയും
No യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷമി അടക്കം മുന്നു പേര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി വിധി പറയുന്നതിനായി ഈ മാസം 30 ലേക്ക് മാറ്റി. അതുവരെ മൂവരെയും അറസ്റ്റു ചെയ്യരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.യൂട്യൂബര്‍ ചെയ്തത് തെറ്റായിരിക്കാം എന്നിരുന്നാലും നിയമം കൈയിലെടുക്കാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം നല്‍കിയതെന്ന് മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കവെ ഹൈക്കോടതി ഹരജിക്കാരോട് ചോദിച്ചു.ഒരു വ്യക്തിയെ അടിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടാന്‍ എന്തിനാണ് ഭയപ്പെടുന്നതെന്നും മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കവെ പ്രതിഭാഗത്തിനായി ഹാജരായ അഭിഭാഷകനോട് കോടതി ചോദിച്ചു.പോലിസിനു മുന്നില്‍ ഹാജരാകുന്നതിന് എന്തിനാണ് ലജ്ജിക്കുന്നതെന്നും കോടതി ചോദിച്ചു
യൂട്യൂബറില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പോലിസിന് കൈമാറിയ സാഹചര്യത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.ഹരജിക്കാര്‍ക്കെതിരെ പോലിസ് ചുമത്തിയിരിക്കുന്ന 392,452 വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ സമൂഹത്തില്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു.പ്രതികള്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി അന്വേഷണവുമായി സഹകരിക്കണമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.ഇരുവിഭാഗത്തിന്റെയും വാദം കേട്ടതിനു ശേഷം് കോടതി ഹരജിയില്‍ വിധി പറയാനായി 30 ലേക്ക് മാറ്റുകയായിരുന്നു.അതുവരെ ഹരജിക്കാരെ അറസ്റ്റു ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.