45% വരെ അംഗ പരിമിതിയുള്ളവര്‍ക്ക് ബസുകളില്‍ ഇനിമുതല്‍ യാത്രാ പാസ് അനുവദിക്കും; മന്ത്രി ആന്റണി രാജു
45 ശതമാനം വരെ അംഗ പരിമിതിയുള്ളവര്‍ക്ക് ബസുകളില്‍ ഇനി മുതല്‍ യാത്രാ പാസ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതുവരെ 50 ശതമാനം അംഗപരിമിയുള്ളവര്‍ക്കായിരുന്നു ബസില്‍ പാസ് അനുവദിച്ചിരുന്നത്.
കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച വാഹനീയം അദാലത്തില്‍ തളിപ്പറമ്പ് സ്വദേശിനി സല്‍മാബിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. തന്റെ ഭര്‍ത്താവ് ഫിറോസ് ഖാന് വേണ്ടി ഈ അപേക്ഷയുമായി സല്‍മാബി കഴിഞ്ഞ ഒന്നര വര്‍ഷമായി നിരന്തരം പരിശ്രമിക്കുകയായിരുന്നു. സല്‍മാബി കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന വാഹനീയം അദാലത്തില്‍ പങ്കെടുത്ത് നേരിട്ട് പരാതി തന്നെന്നും തുടര്‍ന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
പക്ഷാഘാതത്തെ തുടര്‍ന്ന് 2017 ലാണ് ഫിറോസ് ഖാന്റെ ശരീരംതളര്‍ന്നത്. പരസഹായമില്ലാതെ സഞ്ചരിക്കാനാവില്ല. നിലവില്‍ ബ്രഡ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഫിറോസ് ഖാന്‍. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അദാലത്തില്‍ എത്തിയതോടെ പരാതിക്കുള്ള പരിഹാരമായി. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളത്തിലെ നിരവധി പേര്‍ക്ക് ആശ്വാസമേകാന്‍ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.