Monday, April 14, 2025
Kerala

കെഎസ്ആർടിസി വർക്‌ഷോപ്പുകളുടെ എണ്ണം 93 ൽ നിന്ന് 22 ആക്കും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് കെ എസ് ആർ ടി സി (ksrtc) വർക്‌ഷോപ്പുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സഭയിൽ ചോദ്യോത്തര വേളയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ കെ എസ് ആർ ടി സിക്ക് സംസ്ഥാനത്ത് 93 വർക്‌ഷോപ്പുകളുണ്ട്. ഇത് 22 ആക്കി കുറയ്ക്കാനാണ് തീരുമാനം. ഗതാഗതവകുപ്പ് മാത്രമല്ല കെ എസ് ആർ ടി സിയെന്ന് പറഞ്ഞ മന്ത്രി കെ എസ് ആർ ടി സിയെന്ന് പറഞ്ഞ് ഗതാഗത വകുപ്പിനെ കുറ്റം പറയരുതെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. എ ഐ ക്യാമറകൾ സ്ഥാപിക്കുന്നത് ജനങ്ങളെ ഉപദ്രവിക്കാനല്ലെന്നും ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണെന്നും മന്ത്രി പറഞ്ഞു.

കെ എസ് ആർ ടി സിയിൽ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ നേരത്തെ അറിയിച്ചിരുന്നു. അതല്ലാതെ കെ എസ് ആർ ടി സിയെ സംരക്ഷിക്കാൻ മറ്റ് വഴികളില്ല. കെ എസ് ആർ ടി സിയെ സംരക്ഷിക്കണമെന്നാണ് സർക്കാരിന്‍റെയും വികാരം. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിനായി വീണ്ടും തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 

സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാൻ നേരത്തെ തുടങ്ങിയെങ്കിലും അത് പൂർണ വിജയമായിരുന്നില്ല. അതിനാൽ വീണ്ടും അതിവേഗം ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതിനിടെ കെ എസ് ആർ ടി സിയിലെ തൊഴിലാളി യൂണിയനുകൾക്കെതിരെ ഗതാഗത മന്ത്രി രംഗത്തെത്തി. കെ എസ് ആർ ടി സി യൂണിറ്റുകൾ ഭരിക്കുന്നത് യൂണിയനുകളാണ്. ഈ സ്ഥിതി മാറിയാലേ കെ എസ് ആർ ടി സി രക്ഷപെടൂവെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *