ശബരിമല തുലാമാസ പൂജ: പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കി
ശബരിമലയിൽ തുലാമാസ പൂജയുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടേക്കുള്ള ജീവനക്കാരെ നിയോഗിച്ചു. തീർഥാടകരെ പമ്പയിൽ കുളിക്കാൻ അനുവദിക്കില്ല. കുളിക്കാനായി പ്രത്യേക ഷവറുകൾ സജ്ജമാക്കിയിട്ടുണ്ട്
നാളെയാണ് നട തുറക്കുന്നത്. ദർശനം സുഗമമായി നടക്കും. വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 250 പേർക്ക് ഒരു ദിവസം ദർശനത്തിനെത്താം. 48 മണിക്കൂറിനകം കിട്ടിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും കരുതണം.
പത്ത് വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് ദർശനത്തിന് അനുവാദം. ബുക്കിംഗ് നടത്തിയപ്പോൾ ദർശനത്തിന് നൽകിയ സമയവും തീയതിയും കൃത്യമായി പാലിക്കണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. മാസ്‌ക്, കയ്യുറ, സാനിറ്റൈസർ എന്നിവ കരുതണം. കൂട്ടം ചേർന്ന് സഞ്ചരിക്കരുത്. പോലീസ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു