കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് ഇന്ന്; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമുണ്ടാകില്ല
കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് ഇന്ന്. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ ജനറൽ ബോഡി യോഗം ഇന്നു ചേരും.282 ബ്ലോക്ക് പ്രതിനിധികളും മുതിർന്ന നേതാക്കളും പാർലിമെന്‍ററി പാർട്ടി പ്രതിനിധികളും അടക്കം 315 അംഗങ്ങൾ ആണുള്ളത്. കെപിസിസി അധ്യക്ഷനെ തെരെഞ്ഞെടുക്കണം എന്ന് എ ഐ സി സിയോട് ആവശ്യപെടുന്ന ഒറ്റ വരി പ്രമേയം യോഗം പാസാക്കും. മത്സരം ഇല്ലാതെ കെ സുധാകരൻ അധ്യക്ഷൻ ആയി തുടരും.
അംഗത്വ പട്ടികയിലും അധ്യക്ഷന്‍റെ കാര്യത്തിലും എ ഐ ഗ്രൂപ്പുകളും കെ സി വേണുഗോപാൽ പക്ഷവും തമ്മിൽ സമവായത്തിന് ധാരണയിൽ എത്തിക്കഴിഞ്ഞു. ഗ്രൂപ്പ് നേതാക്കൾ ധാരണ ഉണ്ടാക്കുമ്പോഴും വീതം വെപ്പ് എന്ന പരാതി ചില നേതാക്കൾക്കുണ്ട്.
ജോഡോയാത്ര കേരളത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ പൊട്ടിത്തെറി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പട്ടിക പുറത്ത് വിടേണ്ട എന്ന തീരുമാനത്തിലാണ് നേതൃത്വം . കെപിസിസി നേതൃത്വം വ്യക്തിപരമായി തെരഞ്ഞെടുക്കപ്പെട്ട വിവരം നേതാക്കളെ അറിയിച്ചിട്ടുണ്ട്. സമവായമാണ് എല്ലായിടത്തെങ്കിലും ചെറിയ ചില പരാതികൾ പല ജില്ലകളിലും ചെറുതായി നേതാക്കൾക്കുണ്ട്.