കെപിസിസി, ഡിസിസി പുനഃസംഘടന: നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നു
കെപിസിസി, ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരാണ് ചർച്ചകൾക്കായി ഡൽഹിയിൽ എത്തിയത്.
കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ധീഖ് എന്നീ നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ട്. ഗ്രൂപ്പ് നോക്കാതെയാകും പതിനാല് ഡിസിസികളിലും അധ്യക്ഷൻമാരെ തീരുമാനിക്കുകയെന്ന് നേതാക്കൾ പറയുന്നു. രാഹുലുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പായി കെ സുധാകരന്റെ ഡൽഹിയിലെ വസതിയിൽ നേതാക്കൾ യോഗം ചേർന്നിരുന്നു.
ഗ്രൂപ്പ് വീതം വെപ്പുണ്ടാകില്ലെന്നാണ് പറച്ചിലെങ്കിലും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പല ജില്ലകളിലും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അതേസമയം എംപിമാരോ, എംഎൽഎമാരോ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തില്ല.