കേസ് അട്ടിമറിക്കുന്നു; നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ കോടതി അന്വേഷണം തടഞ്ഞെന്നും നടി ആരോപിക്കുന്നു.
വിചാരണ കോടതി ജഡ്‍ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും അതിജീവിത ആരോപിക്കുന്നു. എന്നാൽ വിചാരണ കോടതി ജഡ്‍ജിക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കേസ് പരിഗണിക്കവേ ഹൈക്കോടതി ചോദിച്ചിരുന്നു.
ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജിയിൽ വാദം കേൾക്കുന്നത്. കേസിന്‍റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ മറ്റൊരു ഹർജി ഇതേ ബഞ്ച് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിട്ടുണ്ട്.