റംസിയുടെ മരണം: ഒളിവിലുള്ള സീരിയൽ നടി ലക്ഷ്മി പ്രമോദ് മുൻകൂർ ജാമ്യാപേക്ഷ നൽകി
കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതില്‍ മനംനൊന്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. റംസിയുടെ പ്രതിശ്രുതവരനും കേസിലെ ഒന്നാം പ്രതിയുമായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി.
ലക്ഷ്മിയേയും ഭര്‍ത്താവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തതിനു ശേഷം കേസില്‍ ആരോപണവിധേയയായ ലക്ഷ്മി ഒളിവില്‍ പോയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനിരിക്കെയാണ് ലക്ഷ്മി ഒളിവില്‍ പോയത്.
റംസിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ലക്ഷ്മി പ്രമോദാണ് പ്രേരിപ്പിച്ചതെന്നും അതിനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതിനു പിന്നിലും നടിയ്ക്ക് പങ്കുണ്ടെന്ന് റംസിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഈ കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കും. സെപ്റ്റംബര്‍ മൂന്നിന് വ്യാഴാഴ്ചയാണ് കൊട്ടിയം സ്വദേശിയായ റംസി തൂങ്ങിമരിച്ചത്.