Sunday, April 13, 2025
Kerala

മന്ത്രിയുടെ ഉറപ്പും പാഴായി, തിരുവനന്തപുരം നഗരത്തിലെ 12 സ്മാർട്ട്റോഡില്‍ പൂര്‍ത്തിയായത് 2 എണ്ണം മാത്രം

തിരുവനന്തപുരം: തലസ്ഥാനത്തെ സ്മാർട്ട് റോഡ് നിർമ്മാണം സംബന്ധിച്ച പൊതുമരാമത്ത് മന്ത്രിയുടെ ഉറപ്പും വെറും വാക്കായി. ജൂണ്‍ 15ന് സ്മാർട്ട് റോഡുകളുടെ പണി തീരുമെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി റിയാസ് ഉറപ്പ് നൽകിയത്. എന്നാൽ തിരുവനന്തപുരം നഗരത്തിലെ സ്മാർട്ട് റോഡ് നിർമ്മാണം ഇന്നും പൂർത്തിയായിട്ടില്ല. നഗരത്തിലെ മിക്ക റോഡുകളിലും ഇനിയും പണി ബാക്കിയാണ്. ഭൂരിഭാഗം റോഡുകളിലെയും ഓട നിർമ്മാണം പാതിവഴിയിലാണ്. റോഡ് പണിയോട് അനുബന്ധിച്ച് എടുത്ത വലിയകുഴികൾ ഇനിയും അടക്കാനുണ്ട്. പൂർണ്ണതോതിൽ ഗതാഗതം തുടങ്ങാൻ ഒരുപാട് സമയം ഇനിയും സമയം എടുക്കുമെന്നാണ് വിലയിരുത്തൽ.

അട്ടക്കുളങ്ങര – കിള്ളിപ്പാലം റോഡ്, അട്ടക്കുളങ്ങരയിൽ നിന്ന് ചാല മാർക്കറ്റിലേക്കുള്ള റോഡ്, എം ജി രാധാകൃഷ്ണൻ റോഡ് ഇവിടെയെല്ലാം പണി പാതി വഴിയിലാണ്. വഞ്ചിയൂർ ജനറൽ ആശുപത്രി റോഡിൽ, വഞ്ചിയൂർ കോടതി മുതലുള്ള ഭാഗത്ത് ഓടയുടെ പണി ഇനിയും തീർന്നിട്ടില്ല. മറ്റ് റോഡുകളിൽ ആദ്യ ഘട്ട ടാറിംഗ് മാത്രമാണ് പൂർത്തിയായത്. പ്രഖ്യാപിച്ച സമയ പരിധിക്കുള്ളിലും റോഡുപണി തീർക്കാനാകാത്തത് പൊതുജനത്തിന്‍റെ ദുരിതം വർധിപ്പിക്കുകയാണ്.

ഓവർ ബ്രിഡ്ജ് – ഉപ്പിടാം മൂട്, ജനറൽ ആശുപത്രി ജങ്ഷൻ – വഞ്ചിയൂർ റോഡിന്‍റെ ഒരു ഭാഗം, തൈക്കാട് ശാസ്താ ക്ഷേത്രം റോഡ് എന്നിവടങ്ങളില്‍ കാല്‍നട പോലും അസാധ്യമാണ്. ഇതിനിടെ മേട്ടുക്കട ജംഗ്ഷനിൽ റോഡ് നിർമാണത്തിനിടെ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലവിതരണവും മുടങ്ങി. വെള്ളം റോഡിലേക്ക് ഒഴുകി ഗതാഗത കുരുക്കുമുണ്ടായി. സമയപരിധി തീരുമ്പോൾ ഇനി സ്മാർട്ട് സിറ്റി അധികൃതർ പറയുന്നത് എന്താണെന്നാണ് ഇനി അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *