രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ വെർച്വലായി നടത്തണമെന്ന് ഐഎംഎ
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ വെർച്വലായി നടത്തി മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നത് കൊവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളിൽ ഒന്നാണ്.
ജനഹിതമറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകൾ മുറുകെപ്പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടമില്ലാതെ വെർച്വലായി നടത്തണം. ലോക്ക് ഡൗൺ നീട്ടാനുള്ള തീരുമാനത്തെ പ്രശംസിക്കുന്നുവെന്നും ഐഎംഎ വാർത്താക്കുറിപ്പിൽ അറിയിച്ചു
20ാം തീയതിയാണ് സർക്കാരിന്റെ സത്യപ്രതിജ്ഞ. കൊവിഡ് പ്രോട്ടോക്കോളും ലോക്ക് ഡൗൺ അടക്കമുള്ള സാഹചര്യങ്ങളും നിലവിലുള്ളതിനാൽ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നില്ല. ക്ഷണിക്കപ്പെട്ട 800 പേർക്ക് ഇരിക്കാനുള്ള സൗകര്യങ്ങളാണ് സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്.