കിണറ്റില്‍ വീണ് കാട്ടാന ചരിഞ്ഞു; പ്രതിഷേധവുമായി നാട്ടുകാര്‍
കോടനാട് താണിപ്പാറയില്‍ കാട്ടാന സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ് ചെരിഞ്ഞു. മുല്ലശ്ശേരി തങ്കന്റെ വീട്ടു കിണറ്റിലാണ് ആന വീണത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. വനം വകുപ്പ് ഉദ്യോഗസ്ഥരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും എത്തി ആനയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു.
ആനയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ആന കിണറ്റിൽ വീണ് ചെരിഞ്ഞതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധത്തിലാണ്. മലയാറ്റൂർ ഡി എഫ് ഓ വരാതെ ആനയെ കരയ്ക്ക് കയറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടനാകളെ തുരത്താൻ വനം വകുപ്പ് നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനിടെ ബെന്നി ബെഹനാന് എം പി സംഭവ സ്ഥലത്ത് എത്തി.
ആഴമുള്ള കിണറിലാണ് ആന വീണത്. കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ് കോടനാട്. ആന ശല്യത്തിന് പരിഹാരം തേടി ഇവിടുത്തുകാർ നേരത്തേ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.