‘കേരളത്തിൽ സിപിഐഎം സെൽ ഭരണം, അധികാര തുടർച്ചയുടെ ഹുങ്ക്’: കെ സുരേന്ദ്രൻ
സംസ്ഥാനത്ത് സിപിഐഎം സെൽ ഭരണമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാലക്കാട് പൊലീസ് സ്റ്റേഷൻ വളഞ്ഞ് പ്രതികളെ സിപിഐഎം നേതാക്കളും പ്രവർത്തകരും ചേർന്ന് മോചിപ്പിച്ചത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് പഴമ്പാലക്കോട് സിപിഎം ആക്രമണത്തിൽ രണ്ട് യുവമോർച്ച പ്രവർത്തകർക്കും ഒരു സ്ത്രീക്കും വെട്ടേറ്റിരുന്നു. ഇതിലെ പ്രതികളെയാണ് പൊലീസ് സ്റ്റേഷൻ വളഞ്ഞ് സിപിഎം ക്രിമിനലുകൾ മോചിപ്പിച്ചത്. കഴിഞ്ഞ വർഷം ഇതേ പ്രദേശത്ത് സിപിഐഎം ആക്രമണത്തിൽ അരുൺ കുമാർ എന്ന യുവമോർച്ച പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഭരണ തുടർച്ചയുടെ ഹുങ്കിൽ സിപിഐഎം ഗുണ്ടകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അഴിഞ്ഞാടുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ച സംഭവം കേരളത്തിന് അപമാനമാണ്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പഴമ്പലാക്കോട് ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്ന സിപിഎം ക്രിമിനലുകളെ നിലക്ക് നിർത്താൻ പൊലീസ് തയ്യാറാകണം. സിപിഎം അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ബിജെപി സംഘടിപ്പിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.