‘ആൻഡ്രൂസ് താഴത്തിനെതിരെയും ഫാ. പൂതവേലിനെതിരെയും നടപടി വേണം’, നാളെ വിശ്വാസ പ്രഖ്യാപന റാലിയെന്ന് വിമതവിഭാഗം
കൊച്ചി: സിറോ മലബാർ സഭ സിനഡിൽ ജനാഭിമുഖ കുർബാന സംബന്ധിച്ച സിനഡൽ കമ്മിറ്റി തീരുമാനങ്ങൾ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഇടപെട്ട് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായി എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം. സെന്‍റ് മേരീസ് ബസലിക്കയിലെ നടന്ന സംഘർഷത്തിൽ സിനഡ് നടപടി പ്രഖ്യാപിക്കാത്തത് നിർഭാഗ്യകരം ആണെന്നും സംഘർഷത്തിന് ഉത്തരവാദികൾ സിനഡിൽ തന്നെ ഉണ്ടായിരുന്നതാണ് ഇതിന് കാരണമെന്നും വിമതവിഭാഗം വ്യക്തമാക്കി. ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിനെതിരെയും ഫാ. ആന്‍റണി പൂതവേലിനെതിരെയും നടപടി ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു. നാളെ വൈകിട്ട് അഞ്ചിന് മറൈൻ ഡ്രൈവിൽ വിശ്വാസ പ്രഖ്യാപന റാലിയും പരിഹാര പദയാത്രയും സംഘടിപ്പിക്കുമെന്നും വിമത വിഭാഗം അറിയിച്ചു.