ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു; ഇന്ന് ഓൺലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത് 90620 പേർ
ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുകയാണ്. ഇന്ന് 90620 തീർത്ഥാടകരാണ് ഓൺലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്. തിരക്കൊഴിവാക്കാൻ ഘട്ടംഘട്ടമായുള്ള നിയന്ത്രണങ്ങൾ പമ്പ മുതൽ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനിയന്ത്രിത തിരക്കാണ് സന്നിധാനത്ത് ഉണ്ടായത്. അനിഷ്ടസംഭവങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ നിലവിൽ
നിയന്ത്രണവിധേയമായി മാത്രമേ തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നുള്ളൂ. നിലവിലെ നിയന്ത്രണങ്ങൾ ശബരിമല എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. തിരക്കൊഴിവാക്കാൻ സ്വീകരിച്ച നടപടികൾ ഫലം കണ്ടുതുടങ്ങിയതായാണ് വിലയിരുത്തൽ.
ഇതിൻ്റെ ഭാഗമായി ക്യൂ മാനെജ്മെന്റ് കൂടുതല്‍ കാര്യക്ഷമമാക്കും. അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ സന്നിധാനത്ത് അധികനേരം തുടരുന്നത് ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സ്മെന്റ് നടത്തുന്നുണ്ട്. തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ഇന്നും രാത്രി 11.30 വരെ ദർശനം ഉണ്ടായിരിക്കും.