ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; ഭക്തര്‍ ദര്‍ശനത്തിനായി അഞ്ച് മണിക്കൂറോളം ക്യൂ നിന്നു
നടതുറന്ന ശേഷമുള്ള ആദ്യ ശനിയാഴ്ച സന്നിധാനത്ത് വന്‍ തിരക്ക്. പുലര്‍ച്ചെ മുന്നു മുതല്‍ തുടങ്ങിയ തീര്‍ഥാടക പ്രവാഹം നട്ടുച്ച നേരത്തും നിലയ്ക്കാതെ തുടരുകയാണ്. നെയ്യഭിഷേകത്തിന് എത്തിയവര്‍ ശ്രീകോവിലിന് മുന്നില്‍ നിലയുറപ്പിച്ചതോടെ ക്യൂവില്‍ നിന്ന തീര്‍ഥാടകര്‍ പ്രതിഷേധിച്ചു. ഇന്ന് പുലര്‍ച്ചെ മുതലാണ് സന്നിധാനത്ത് തിരക്ക് വര്‍ധിച്ചത്. രാവിലെ ദര്‍ശനത്തിനുള്ള നിര മരക്കൂട്ടം വരെ നീണ്ടു. 5 മണിക്കൂറിലധികം ദര്‍ശനത്തിനായി കാത്തു നില്‍ക്കേണ്ടി വന്നു.
പരമ്പരാഗത പാതയിലൂടെ സന്നിധാനത്തേക്ക് വന്നവരാണ് ഏറ്റവും അധികം ബുദ്ധിമുട്ടിയത്. പമ്പയില്‍ നിന്ന് സന്നിദാനത്തേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്കും നിയന്തണം ഏര്‍പ്പെടുത്തി.മണിക്കൂറില്‍ 2400 പേരാണ് പതിനെട്ടാം പടി ചവിട്ടുന്നത്.12 മണി വരെ 30888 പേര്‍ ദര്‍ശനം നടത്തി. 75000 അധികം തീര്‍ത്ഥാടകര്‍ ഇന്ന് ദര്‍ശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് മഴ പൂര്‍ണമായും മാറിയതോടെയാണ് തീര്‍ഥാടക പ്രവാഹം ഉണ്ടായത്.
അതേ സമയം അഷ്ടാഭിഷേക സമയത്ത് പൂജയ്ക്ക് എത്തിയവരും മറ്റ് ചിലരും ക്യൂവിവിന് അഭിമുഖമായി വന്നതോടെ തീര്‍ഥാടകര്‍ പ്രതിഷേധമുയര്‍ത്തി. കൊവിഡ് കാലത്ത് വരുത്തിയ മാറ്റങ്ങള്‍ ഇപ്പോഴും തുടരുന്നതാണ് പ്രതിസന്ധിക്ക് കാരണം. പ്രത്യേക പൂജകള്‍ക്കായി എത്തുന്നവരെ ശ്രീകോവിലിന്റെ തൊട്ടടുത്ത് നിര്‍ത്തുന്നതായിരുന്നു കൊവിഡ് കാലത്തിന് മുന്‍പുള്ള രീതി.