എ പ്ലസ് കണക്ക് അനുസരിച്ച് പ്ലസ് വൺ സീറ്റുണ്ടോ; വിദ്യാഭ്യാസ മന്ത്രിക്കെതിരെയും വിമർശനം
സി.പി.ഐ.എം നിയമസഭാ കക്ഷിയോഗത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കെതിരെയും രൂക്ഷവിമർശനം. എ പ്ലസ് കണക്കനുസരിച്ച് പ്ലസ് വൺ സീറ്റ് ഉണ്ടോയെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പാക്കിയിെന്ന് യോഗത്തിൽ വിമർശനമുയർന്നു. ജില്ലകളിൽ കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നും യോഗത്തിൽ എം.എൽ.എമാർ നിർദ്ദേശിച്ചു.
യോഗത്തിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും വിമർശനം ഉയർന്നിരുന്നു.കഴിഞ്ഞ ഏഴിന് നിയമസഭയിൽ മന്ത്രി നടത്തിയ പരാമർശത്തിനെതിരെയാണ് എം.എൽ.എമാർ രംഗത്തെത്തിയത്. കരാറുകാരെയും കൂട്ടി എംഎൽഎമാർ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്നായിരുന്നു മന്ത്രി നിയമസഭയിൽ പറഞ്ഞത്.
ഇതോടെ പരാമർശനം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും വിവിദങ്ങളായി പ്രശ്നങ്ങൾ പരിഹരിക്കാൻ എം.എൽ.എമാർക്ക് കരാറുകാർ ഉൾപ്പടെയുള്ളവരെ ബന്ധപ്പെടേണ്ടി വരുമെന്നും ചിലപ്പോൾ അവരുമായി മന്ത്രിയെ കാണേണ്ടി വരുമെന്നും എം.എൽ.എമാർ പറഞ്ഞു. എതിർപ്പ് ശക്തമായതോടെ പരാമർശം തെറ്റായിപ്പോയെന്ന് മന്ത്രിക്ക് വിശദീകരിക്കേണ്ടിവന്നു.
നിയമസഭാ കക്ഷിയോഗത്തിൽ തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറാണ് വിമർശനത്തിന് തുടക്കമിട്ടത്. തുടർന്ന് കടകംപള്ളി സുരേന്ദ്രനും കെ.വി സുമേഷും വിമർശനം ഏറ്റെടുത്തു. വിമർശനം കടുത്തതോടെ നിയമസഭാ കക്ഷി സെക്രട്ടറി കൂടിയായ മുൻ മന്ത്രി ടി.പി.രാമകൃഷ്ണൻ റിയാസിനെ സംരക്ഷിച്ച് രംഗത്തെത്തുകകായിരുന്നു. ഇതോടെ തെറ്റായ ഉദ്ദേശത്തിലല്ല പരാമർശമെന്ന് വിശദീകരിച്ച മുഹമ്മദ് റിയാസ് പിഴവ് സംഭവിച്ചതിൽ പരോക്ഷമായി ഖേദപ്രകടനവും നടത്തി.
കരാറുകാരുടെ ശിപാർശകൾ എംഎൽഎമാർ ഏറ്റെടുക്കരുത്. ഇത്തരം വിഷയങ്ങളിൽ കരാറുകാരെ ശിപാർശയുമായി മന്ത്രിയുടെ അടുക്കലേക്ക് വിടുന്നത് എംഎൽഎമാർ ഒഴിവാക്കണം. അല്ലെങ്കിൽ പിന്നീടിത് മറ്റു പല വിഷയങ്ങൾക്കും വഴിവെയ്ക്കുമെന്നും ആയിരുന്നു മന്ത്രി നിയമസഭയിൽ പറഞ്ഞത്.