വിഴിഞ്ഞം സമരം രാഷ്ട്രീയമല്ല’; മത്സ്യത്തൊഴിലാളികളുടെ ജീവിതപ്രശ്നമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മുമ്പ് ആവശ്യമായ പഠനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ സ്ഥിരം സമിതികള്‍ രൂപീകരിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിഴിഞ്ഞം തീരസംരക്ഷണ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെആര്‍എല്‍സിസി ആരംഭിച്ച ജനബോധന യാത്രയുടെ ഒന്നാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി. തീരവാസികളുടെ ദു:ഖത്തില്‍ നിന്നുള്ള പ്രതിഷേധം അതിശക്തമായിരിക്കുമെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു.
വിഴിഞ്ഞം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജാഥ മൂലമ്പിള്ളിയില്‍ നിന്നാണ് ആരംഭിച്ചത്. വല്ലാര്‍പാടം കണ്ടയ്നര്‍ പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട വീട്ടമ്മമാരാണ് ജാഥയുടെ പതാക കൈമാറിയത്.
Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്
വിഴിഞ്ഞം തുറുമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് ഗവേഷണ പഠനങ്ങള്‍ നടന്നിട്ടില്ലെന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ഭാവിയെന്തെന്നത് സംബന്ധിച്ച് ഇനിയും ഉത്തരമില്ലെന്നും കെആര്‍എല്‍സിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരണം.പൊതുനന്മ ലക്ഷ്യമാക്കാതെ സാമ്പത്തിക ശക്തികള്‍ക്ക് വേണ്ടി മാത്രം സര്ക്കാര്ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ജാഥ ക്യാപ്റ്റന്‍ ജോസഫ് ജൂഡിന് ദീപശിഖ കൈമാറിക്കൊണ്ട് വരാപ്പുഴ ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു. അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന ജനബോധന യാത്ര ഞായറാഴ്ച്ച വിഴിഞ്ഞത്തെ സമരപന്തലിലാണ് സമാപിക്കുക.