അടച്ചു പൂട്ടൽ ഭീഷണിയിൽ ചെട്ട്യാലത്തൂർ ഗവ.എൽപി സ്കൂൾ
വയനാട്ടിൽ ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തിയ എരുമക്കൊല്ലി ഗവ.യുപി സ്കൂളിൽ നിന്ന് വിദ്യാർത്ഥികളെ മാറ്റാൻ ഡിഡിഇ ഉത്തരവിട്ടതിന് പിന്നാലെ അടച്ചു പൂട്ടൽ ഭീഷണിയിൽ ചെട്ട്യാലത്തൂർ ഗവ.എൽപി സ്കൂളും. ഗോത്രവിഭാഗത്തിലെ കുട്ടികൾ മാത്രം പഠിക്കുന്ന ചെട്ട്യാലത്തൂരിൽ സ്കൂൾ പ്രവർത്തനം നിലച്ചാൽ കുട്ടികളുടെ പഠനവും മുടങ്ങും.
ചെമ്പ്ര മലയുടെ താഴ്വാരത്ത് പ്രവർത്തിക്കുന്ന എരുമക്കൊല്ലി ഗവ.യുപി സ്കൂളിന് മതിയായ സുരക്ഷയില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് വിദ്യാഭ്യാസ ഉപഡയറക്ടർ കുട്ടികളെ മേപ്പാടി സ്കൂളിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. കുട്ടികളെ മാറ്റുന്നതോടെ സ്കൂൾ പ്രവർത്തനം പൂർണമായും നിലയ്ക്കും ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ ഏത് നിമിഷവും പൂട്ട് വീഴാവുന്ന അവസ്ഥയിലാണ് ചെട്ട്യാലത്തൂർ വനഗ്രമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ എൽപി സ്കൂളും.
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുന്ന ചെട്ട്യാലത്തൂർ ഗ്രാമത്തിൽ സ്കൂൾ പുനർനിർമ്മാണം സാധ്യമല്ല. 100 ഓളം ഗോത്ര കുടുംബങ്ങളിലെ കുട്ടികളാണ് സ്കൂളിനെ ആശ്രയിക്കുന്നത്. പൂർണമായി ഗ്രാമം വിട്ട് പോകും വരെയെങ്കിലും സ്കൂൾ നിലനിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രണ്ടര കിലോമീറ്റർ ഉൾവനത്തിലൂടെ സഞ്ചരിച്ച് വേണം ഗ്രാമത്തിൽ നിന്ന് പുറത്തേക്ക് എത്താൻ. 10 കിലോമീറ്റർ ചുറ്റളവിൽ മറ്റ് സ്കൂളുകളും ഇല്ല. സദാസമയവും വന്യമൃഗ ശല്യം നേരിടുന്ന പ്രദേശത്തെ സ്കൂൾ അടച്ചു പൂട്ടിയാൽ ഗോത്ര വിഭാഗത്തിലെ കുട്ടികളുടെ പഠനം മുടങ്ങുമെന്ന ആധിയിലാണ് രക്ഷിതാക്കൾ.