Thursday, January 2, 2025
Kerala

കൊവിഡ് പരത്തുമോ സ്കൂൾ തുറക്കൽ

 

സ്കൂൾ തുറക്കുന്നത് മാതാപിതാക്കൾക്കും മക്കൾക്കും ഒരുപോലെ ആഘോഷമായിരുന്നു ഒന്നര വർഷം മുമ്പു വരെ. എന്നാലിപ്പോൾ കേരളത്തിലെ മാതാപിതാക്കളുടെ നെഞ്ചിടിപ്പ് കൂടുകയാണ്. കുഞ്ഞുങ്ങൾ ക്ലാസിൽ പോകാൻ ആർത്തുല്ലസിച്ചു കാത്തിരിക്കുമ്പോൾ മാതാപിതാക്കളുടെ ആധിയും സമാന്തരമായി വർധിക്കുന്നതിന് കാരണം മറ്റൊന്നുമല്ല. കുട്ടികളെ സ്കൂളിലയക്കാൻ വേണ്ടത്ര ആരോഗ്യപരമായ അന്തരീക്ഷം കേരളത്തിനിപ്പോഴുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇല്ലാത്തതാണത്. അയൽസംസ്ഥാനങ്ങളായ കർണാടകത്തിലും തമിഴ്നാട്ടിലും സ്കൂൾ തുറന്നു കേവലം രണ്ടാഴ്ചയ്ക്കുള്ളിൽ നൂറു കണക്കിനു കുട്ടികൾക്കാണ് കോവിഡ് പോസിറ്റീവായത്.

ബംഗളൂരുവിൽ മാത്രം 242 കുട്ടികളിലാണ് കൊവിഡ് പോസിറ്റീവായത്. തമിഴ്നാട്ടിലാകട്ടെ സ്കൂൾ തുറന്ന് രണ്ടാഴ്ചയ്ക്കിടെ ചെന്നൈ മുതൽ കോയമ്പത്തൂർ വരെ എല്ലാ ജില്ലകളിലുമായി 117 കുട്ടികളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്തോളം അധ്യാപകർക്കും കൊവിഡ് പോസിറ്റീവായതായി രേഖകൾ പറയുന്നു. എന്നാൽ ഔദ്യോഗിക രേഖകളിലൊതുങ്ങുന്നതല്ല തമിഴ്നാട്ടിലെ കുട്ടികളിലെ കൊവിഡ് കണക്കുകളെന്നതാണ് വാസ്തവം.കർണാടകത്തിലെ കൊഡഗു ജില്ലയിലെ മടിക്കേരിയിലുള്ള ജവഹർ നവോദയ റസിഡൻഷ്യൽ സ്കൂളിലെ 32 വിദ്യാർഥികൾക്കാണ് ഒറ്റയടിക്ക് കോവിഡ് പോസിറ്റീവായത്.

കോളാർ ചിന്മയ ഹൈസ്കൂളിൽ 270 വിദ്യാർഥികളിൽ നടത്തിയ പരിശോധനയിൽ പത്തു പെൺകുട്ടികൾക്കും 22 ആൺകുട്ടികൾക്കും കോവിഡ് സ്ഥിരീകരിച്ചു. 9-12ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണിവർ. കോളാർ മറ്റു പല സ്കൂളുകളിൽ നിന്നായി വേറെയും ആറു കുട്ടികളിൽ കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളൂരുവിലെ തന്നെ ശ്രീ ചൈതന്യ ഗേൾസ് റസിഡൻഷ്യൽ സ്കൂളിലെ അറുപതോളം കുട്ടികൾക്കും കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് സ്കൂൾ ജില്ലാ അധികൃതർ സീലു വച്ചു പൂട്ടിയിരിക്കയാണിപ്പോൾ.

ഈ സാഹചര്യത്തിലാണ് കർണാടക പ്രീ പ്രൈമറി സ്കൂളുകൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.  കേരളത്തിനൊരു പാഠമാണിതെല്ലാം. ഇത്ര തിരക്കിട്ടു വേണോ നമുക്കു സ്കൂൾ തുറക്കൽ? അപകടത്തിലേക്കു വലിച്ചിഴയ്ക്കണോ നമ്മുടെ പൊന്നോമനകളെ ? ആവശ്യമല്ലേ ഒരു പുനർവിചിന്തനം?

Leave a Reply

Your email address will not be published. Required fields are marked *