Wednesday, January 8, 2025
Kerala

സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവർ ഇന്ന് മലബാർ സമരത്തെ വർ​ഗീയവത്കരിക്കുന്നു; മുഖ്യമന്ത്രി

 

സ്വാതന്ത്ര്യ ചരിത്രത്തിൽ ബ്രിട്ടീഷുകാരുടെ അതേ വാചകങ്ങളും വാദങ്ങളുമാണ് ഇന്ന് സംഘ്പരിവാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ സമരത്തെ വർ​ഗീയവത്കരിക്കുന്നത് സംഘ്പരിവാർ അജണ്ടയാണ്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരെ ധീരൻമാരാക്കാനും, സ്വാതന്ത്ര്യസമര ഏടുകളെ മായ്ച്ചുകളയാനുമാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാജ ചരിത്രനിർമിതിയാണ് സംഘ്പരിവാർ നടത്തുന്നത്. ജീവത്യാ​ഗം വരെ അനുഭവിച്ചവർ സ്വാതന്ത്ര്യ സമരസേനാനികൾ അല്ലെന്നാണ് ഇക്കൂട്ടർ പറയുന്നത്. ‘മലബാർ കലാപം, നൂറ് വർഷം, നൂറ് സെമിനാര്‍’ എന്ന ഡി.വൈ.എഫ്.ഐ സെമിനാറിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലബാർ കലാപത്തെ ബ്രിട്ടിഷുകാർ വർഗീയമായി മുദ്രകുത്തുകയായിരുന്നു. ജനങ്ങളെ പിന്തിരിപ്പിക്കാൻ ബ്രിട്ടൻ സ്വീകരിച്ച കുതന്ത്രമായിരുന്നു മലബാർ കലാപ ചരിത്രത്തെ വക്രീകരിച്ചുകൊണ്ട് നടത്തിയത്. ബ്രിട്ടീഷുകാരുടെ കാഴ്ചപ്പാടിനെ അന്നു പിന്തുണച്ചവരുണ്ട്. അവർ ഇപ്പോഴും അതിനെ പിൻപറ്റുന്നു.

മലബാർ കലാപത്തിൻ്റെ ലക്ഷ്യം മുസ്‍ലിം രാഷ്ട്രം സ്ഥാപിക്കലായിരുന്നു എന്നാണ് ചില വർഗീയ സംഘടനകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ ബ്രിട്ടീഷുകാർക്കും ജന്മിമാർക്കും എതിരായ സമരമായിരുന്നു മലബാർ കലാപം. വിവരിക്കാനാകാത്ത നിഷ്ഠൂരതയാണ് ബ്രീട്ടീഷുകാരുടെ ഭാ​ഗത്തു നിന്നും ജൻമാരിൽ നിന്നും അന്നുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *