ഫസ്റ്റ് ബെല്ലടിച്ച് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചു; ഉത്സാഹം കുറയരുതെന്ന് വിദ്യാർത്ഥികളോട് മുഖ്യമന്ത്രി, പ്രതിസന്ധികളെ അവസരങ്ങളാക്കണമന്നും മുഖ്യമന്ത്രി
പുതിയ അധ്യായന വർഷത്തിൽ ക്ലാസുകൾ ഓൺലൈൻ ആയതിനാൽ ഉത്സാഹം കുറയേണ്ടെന്ന് മുഖ്യമന്ത്രി. കുട്ടികൾക്ക് നേരിട്ട് ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനം ഇപ്പോൾ തന്നെ തുടങ്ങണമെന്നും ക്രിയാത്മക കാര്യങ്ങൾ വീട്ടിലിരുന്നു ചെയ്യണം. പ്രതിസന്ധികൾ അവസരങ്ങളാണെന്നും മുഖ്യമന്ത്രി വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി.
മുഖ്യമന്ത്രിയായ ശേഷം പങ്കെടുക്കുന്ന ആറാമത്തെ പ്രവേശനോത്സവ ചടങ്ങാണിത്. നാല് വർഷവും നൂറ് കണക്കിന് കുഞ്ഞുങ്ങളുടെയും ബഹുജനങ്ങളുടെയും സാനിധ്യത്തിൽ അലങ്കരിച്ച വേദിയിൽ ബലൂണുകൾ പറത്തിയും മധുരം നൽകിയുമൊക്കെയാണ് ആഘോഷിച്ചത്. കഴിഞ്ഞ വർഷവും കൊവിഡ് മഹാമാരിക്കിടയിൽ ലളിതമായാണ് പ്രവേശനോത്സവം നടത്തിയത്.
ഇത് പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കമാണ്. പുതിയ ലോകം കുഞ്ഞുങ്ങളുടെ ലോകമാണ്. പുതിയ വിജ്ഞാനത്തിന്റെ ആശങ്ങളുടെ കലയുടെ എല്ലാം ഉറവിടമാകേണ്ട കുഞ്ഞുങ്ങളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓൺലൈനിലൂടെ മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തപ്പോൾ തിരുവനന്തപുരം കോട്ടൺഹിൽസ് സ്കൂളിൽ സജ്ജീകരിച്ച വേദിയിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അക്ഷരദീപം തെളിയിച്ചു. കൊവിഡ് വ്യാപനം കുറയുമ്പോൾ വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കുമെന്ന് ആശംസാ സന്ദേശത്തിൽ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.