Friday, January 3, 2025
Kerala

‘കരിമണൽ കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ഡീൽ എന്താണെന്ന് യെച്ചൂരി വ്യക്തമാക്കണം’: കെ.സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ മകൾ കരിമണൽ ഖനനം നടത്തുന്ന കമ്പനിയിൽ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്ത് ഡീലാണ് കരിമണൽ ഖനനം നടത്തുന്ന കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ളതെന്നും കുറ്റിപുറത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ മകൾക്ക് പണം കൊടുത്തത് കൊണ്ട് എന്ത് നേട്ടമാണ് കരിമണൽ കമ്പനിക്കുണ്ടായത്? എന്ത് സഹായമാണ് മുഖ്യമന്ത്രി തിരിച്ച് നൽകിയത്? മുഖ്യമന്ത്രി ഈ കാര്യത്തിൽ കേരളത്തിലെ ജനങ്ങളോട് വിശദീകരണം നൽകണം. പണമിടപാട് മുഖ്യമന്ത്രിയുടെ കുടുംബത്തിന് ലഭിച്ച പ്രത്യുപകാരമാണെങ്കിൽ അത് വലിയ അഴിമതിയാണ്.

സിപിഐഎമ്മിന്റെ സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും മറുപടി പറയുക തന്നെ വേണം. വലിയ ഹരിശ്ചന്ദ്രൻ ചമയുന്ന സീതാറാം യെച്ചൂരി ഈ കാര്യത്തിൽ രാജ്യത്തോട് മറുപടി പറയണം. അഴിമതി നിരോധന നിയമപ്രകാരം ഗുരുതരമായ ക്രിമിനൽ കുറ്റമാണ് നടന്നിരിക്കുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് ഇവിടെ പ്രതിക്കൂട്ടിലാവുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.

പ്രതിപക്ഷം പിണറായി വിജയന്റെ ബി ടീമായാണ് പ്രവർത്തിക്കുന്നത്. പിണറായി വിജയനുമായി എല്ലാം പറഞ്ഞ് കോംപ്ലിമെന്റ് ആക്കുകയാണ് വിഡി സതീശൻ ചെയ്യുന്നത്. പ്രതിപക്ഷ നേതാവല്ല മറിച്ച് ഭരണകക്ഷി നേതാവാണ് സതീശൻ. അദ്ദേഹത്തിന്റെ പുനർജനി തട്ടിപ്പിന്റെ എല്ലാ കാര്യങ്ങളും പിണറായിയുടെ കയ്യിലുണ്ട്.

അതുകൊണ്ടാണ് സതീശൻ നിയമസഭയിൽ മിണ്ടാതിരിക്കുന്നത്. നിയമസഭയിൽ 40 അംഗങ്ങളുണ്ടായിട്ടും സർക്കാരിനെതിരെ ഒരു പ്രതിഷേധം പോലും ഉയർത്താൻ യുഡിഎഫിന് സാധിക്കുന്നില്ല. ഗണപതി അവഹേളനത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം തുടരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *