കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്
കർണാടകയിലെ കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്. വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ചതിന് പിന്നാലെയുള്ള കൗൺസിലിംഗ് സെഷണിനിടെയാണ് പ്രകോപിതനായ ഭർത്താവ് ഭാര്യയുടെ കഴുത്തറുത്തത്. കൃത്യം നടത്തിയതിന് ശേഷം കോടതിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ചുറ്റുമുള്ളവർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കർണാടക ഹസൻ ജില്ലയിലെ ഹൊലേനരാസിപുര കുടുംബ കോടതിയിലാണ് സംഭവം നടന്നത്. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് ഒന്നിച്ച മുന്നോട്ടുപോകാമെന്ന് രണ്ട് പേരും സമ്മതിച്ച് വെറും മിനിറ്റുകൾക്ക് ശേഷമാണ് ശിവകുമാർ ഭാര്യ ചൈത്രയെ ക്രൂരമായി കൊലപ്പെടുത്തുന്നത്. കോടതിയിൽ നിന്നിറങ്ങിയ ചൈത്ര ബാത്രൂമിൽ പോകുന്നതിനിടെ അവരെ പിന്തുടർന്നാണ് ശിവകുമാർ പിന്നിൽ നിന്ന് കഴുത്തറുത്തത്.
ഉടൻ തന്നെ ചുറ്റുമുള്ളവർ ശിവകുമാറിനെ തടഞ്ഞ് വയ്ക്കുകയും ചൈത്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തുവെങ്കിലും മുറിവ് ആഴത്തിലുള്ളതായതുകൊണ്ടും ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നതുകൊണ്ടും ചൈത്രയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ശിവകുമാറിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കോടതി വളപ്പിൽ എങ്ങനെയാണ് ശിവകുമാർ ആയുധവുമായി പ്രവേശിച്ചതെന്നതിനെ കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.