സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യും
കോവിഡ് പശ്ചാത്തലത്തിൽ പ്രയാസം നേരിടുന്ന ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യാന്‍ ക്ഷീര വികസന വകുപ്പ് തീരുമാനിച്ചു. പദ്ധതിയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ആഗസ്ത് 17-ന് രാവിലെ 10 മണിക്ക് ക്ഷീര വികസന മന്ത്രി കെ. രാജു ഫെയ്‌സ് ബുക്ക് ലൈവ് പ്രോഗ്രാമിലൂടെ നിര്‍വഹിക്കും.
ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത ക്ഷീര സംഘങ്ങളില്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകര്‍ക്ക് 50 കിലോയുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 400 രൂപയാണ് സബ്‌സിഡി നല്‍കുന്നത്. ക്ഷീര കര്‍ഷകര്‍ സംഘത്തില്‍ അളന്ന പാലിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം നല്‍കുകയെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പ്രതിദിനം 10 ലിറ്റര്‍ വരെ പാല്‍ അളന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു ചാക്കും, 11 മുതല്‍ 20 ലിറ്റര്‍ വരെ പാല്‍ അളന്നവര്‍ക്ക് പരമാവധി 3 ചാക്കും, 20 ലിറ്ററിനു മുകളില്‍ പാല്‍ അളന്നവര്‍ക്ക് പരമാവധി 5 ചാക്കുമാണ് സബ്‌സിഡി നിരക്കില്‍ നല്‍കുക.