Tuesday, January 7, 2025
Kerala

കാട്ടാനയുടെ ജഡം കുഴിച്ചിട്ട സംഭവത്തില്‍ നാല് പേര്‍ കൂടി പിടിയില്‍; സ്ഥലമുടമയ്ക്കായി അന്വേഷണസംഘം ഗോവയിലേക്ക്

തൃശൂരില്‍ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് പേര്‍ കൂടി പിടിയില്‍. പാലായില്‍ നിന്നുള്ള സംഘമാണ് ആനയെ കുഴിച്ചിട്ടതെന്നാണ് സൂചന. കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ചേലക്കരയിലെ ആനയുടേതെന്ന് സ്ഥിരീകരിച്ചു. ആനയ്ക്ക് വിഷം നല്‍കിയിരുന്നു എന്ന് പരിശോധിക്കാന്‍ ആന്തരികാവയവങ്ങള്‍ ഉള്‍പ്പെടെ രാസ പരിശോധനയ്ക്ക് അയച്ചു. ആനയുടെ ജഡം പഴകിയതിനാല്‍ മരണകാരണം കണ്ടെത്താന്‍ പ്രയാസമാണെന്ന് സിസിഎഫ് കെആര്‍.അനൂപ് പറഞ്ഞു.

സ്ഥലം ഉടമ റോയി ഗോവയിലെന്നാണ് സൂചന. റോയിയെ കസ്റ്റഡിയിലെടുക്കാന്‍ വനംവകുപ്പ് സംഘം ഗോവയിലേക്ക് പുറപ്പെട്ടു. റോയിയുടെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. കോടതി അനുമതി ലഭിച്ചാല്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ചേലക്കര മുള്ളൂര്‍ക്കരയിലാണ് കാട്ടാനയെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. മണിയഞ്ചിറ റോയിയുടെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിലാണ് ആനയെ കുഴിച്ചുമൂടിയത്. ഇന്ന് രാവിലെ മച്ചാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ എത്തി ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ജഡത്തിന് കുറെ ദിവസത്തെ പഴംമുണ്ടെന്നാണ് വിവരം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തിലാണ് രാവിലെ പരിശോധന നടത്തിയത്.

കേസില്‍ നിരവധി പ്രതികള്‍ ഉണ്ടെന്നാണ് സൂചന. വനംവകുപ്പിന്റെ അറിയിക്കാതെ ഷോക്കേറ്റ ആനയെ കുഴിച്ചു മൂടിയത് വലിയ നടപടികള്‍ക്ക് വഴിയൊരുക്കും. ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് വിവരം. ആനയ്ക്ക് വെടിയേറ്റ ലക്ഷണമില്ലെന്നും ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. കെ ജി അശോകന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *