മുന്നറിയിപ്പില്ലാതെ കോഴ്‌സ് റദ്ദാക്കിയെന്ന് ആരോപണം; അധ്യാപകരെ പൂട്ടിയിട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍
കാലടി സംസ്‌കൃത സര്‍വകലാശാലയുടെ കൊയിലാണ്ടിയിലെ സബ് സെന്ററില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. അധ്യാപകരെയും ജീവനക്കാരെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു. സംഭവത്തില്‍ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധത്തിനിടെ പരീക്ഷ പുരോഗമിക്കുകയാണ്. സബ് സെന്ററില്‍ ബിരുദാനന്തര കോഴ്‌സ് മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്.
കഴിഞ്ഞ അഞ്ച് ദിവസമായി സ്ഥലത്ത് എസ്എഫ്‌ഐയുടെ പ്രതിഷേധം തുടരുകയാണ്. എംഎ വേദാന്ത കോഴ്‌സ് മുന്നറിയിപ്പില്ലാതെ എടുത്തുമാറ്റിയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. പ്രവേശന പരീക്ഷ ഉള്‍പ്പെടെ നടത്തിയിരുന്നെങ്കിലും പ്രവേശനം നേടാന്‍ എത്തിയപ്പോള്‍ മാത്രമാണ് കോഴ്‌സ് റദ്ദാക്കിയവിവരം വിദ്യാര്‍ത്ഥികള്‍ അറിഞ്ഞത്.
കടുത്ത പ്രതിഷേധത്തിനിടെ പത്തോളം അധ്യാപകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടിയിടുകയായിരുന്നു. ഇന്ന് നടക്കുന്ന പരീക്ഷ നടത്തിക്കില്ലെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. പൊലീസ് ഇടപെട്ടാണ് പ്രതിഷേധം ശമിപ്പിച്ചത്. അതേസമയം പിന്മാറില്ലെന്നും പ്രതിഷേധം വരും ദിവസങ്ങളിലും തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.