Tuesday, January 7, 2025
Kerala

കണ്ണൂരിലെത്തുമ്പോള്‍ ചുവന്ന ഷര്‍ട്ട് മെറൂണ്‍ ടി ഷര്‍ട്ടായി; ഷാറൂഖിന് ട്രെയിനിനുള്ളിലും സഹായി?; പൊലീസിന് മുന്നില്‍ നിരവധി ചോദ്യങ്ങള്‍

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയ്ക്ക് ട്രെയിനിനുള്ളില്‍ നിന്ന് സഹായം ലഭിച്ചെന്ന സംശയം ബലപ്പെടുന്നു. കണ്ണൂരില്‍ വന്നിറങ്ങുമ്പോള്‍ ഷാറൂഖ് വസ്ത്രം മാറിയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബാഗ് നഷ്ടപ്പെട്ട പ്രതിയ്ക്ക് വസ്ത്രങ്ങള്‍ ലഭിച്ചത് എങ്ങനെയെന്ന് ഉള്‍പ്പെടെയുള്ള സംശയങ്ങളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലിരുന്ന് ഷാറൂഖ് ഭക്ഷണം കഴിയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഷൊര്‍ണൂരില്‍ മാത്രമല്ല ട്രെയിനിനുള്ളിലും ഷാറൂഖിന് സഹായം കിട്ടിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ആക്രമണം നടത്തുമ്പോള്‍ ഇയാള്‍ ധരിച്ചത് ചുവന്ന ഷര്‍ട്ട് ആയിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. എന്നാല്‍ കണ്ണൂരില്‍ വന്നിറങ്ങുമ്പോള്‍ ഇയാള്‍ മെറൂണ്‍ നിറത്തിലുള്ള ടി ഷര്‍ട്ടും നീല ജീന്‍സിലേക്കും മാറിയിരുന്നു.

ഇയാളുടെ ബാഗ് മുന്‍പ് തന്നെ റെയില്‍വേ ട്രാക്കില്‍ നഷ്ടപ്പെട്ടുപോയിരുന്നു. പ്രതിയെക്കുറിച്ചുള്ള നിര്‍ണായക സൂചനകള്‍ നല്‍കുന്ന തെളിവായി മാറിയത് ഈ ബാഗാണ്. മറൂണ്‍ വസ്ത്രങ്ങളണിഞ്ഞ് പ്രതി പ്ലാറ്റ്‌ഫോമിലിരുന്ന് ഭക്ഷണം കഴിയ്ക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലുള്ള കച്ചവടക്കാരോട് ഉള്‍പ്പെടെ പൊലീസ് പ്രതിയെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *