എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്; തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. ആക്രമണത്തിന് പിന്നിലെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. തീവയ്പ്പിനെ മൂന്ന് പേര്‍ മരിച്ചതിന് കാരണം ഷാറൂഖ് ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ സമാന്തര അന്വേഷണം നടത്തുകയാണ് കേന്ദ്ര ഏജന്‍സികള്‍. ഷാറൂഖ് സൈഫിയെ കാണാന്‍ പൊലീസ് അനുവദിക്കാത്ത സാഹചര്യത്തിലാണ് സമാന്തര അന്വേഷണം. ഷൊര്‍ണൂരില്‍ നിന്ന് കേന്ദ്ര ഏജന്‍സികള്‍ വിവരശേഖരണം നടത്തി.
കേസില്‍ ഷാറൂഖ് സൈഫിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയാണ് കേരള പൊലീസ്. കുറ്റകൃത്യത്തിലേക്ക് ഇയാള്‍ നീങ്ങിയതില്‍ സാമ്പത്തികമായ താല്പര്യങ്ങള്‍ ഉണ്ടോ എന്ന സംശയമാണ് പ്രതിയുടെയും കുടുംബത്തിന്റെയും ഇടപാടുകള്‍ പരിശോധിക്കാനുള്ള നീക്കത്തിലേക്ക് കേരള പൊലീസ് കടന്നത്. ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം കേരള ഹൗസില്‍ ക്യാമ്പ് ചെയ്തുകൊണ്ടാണ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഷാറൂഖ് സൈഫിയുടെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന ഇന്നലെ വരെ നടത്തിയിരുന്നു. ഹവാല ഇടപാടുകളുടെ ചില ബന്ധങ്ങള്‍ ഷാറൂഖിന് ഉണ്ടായിരുന്നു എന്ന വിവരവും പൊലീസിന് ലഭിച്ചു.
അതേസമയം ഷാറൂഖ് സൈഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും. ഇന്നലെ കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ കൊണ്ടുപോകാന്‍ സാധിച്ചിരുന്നില്ല. ഇന്നലെ വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷമാണ് തുടര്‍നടപടികളിലേക്ക് കടന്നത്.