കെ.എസ്.ആർ.ടിസിക്ക് വൻ തിരിച്ചടി; ദീർഘദൂര റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
കെ.എസ്.ആർ.ടിസിക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് സ്വകാര്യ ബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സ്വകാര്യ ബസുകൾക്ക് ഈ റൂട്ടുകളിൽ നിലവിൽ ഉള്ള പെർമിറ്റുകൾ തുടരാം. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിന് മുകളിൽ സർവീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പ് അറിയിച്ചിരുന്നത്.
സ്വകാര്യ ബസുകൾക്ക് നിലവിലുളള പെർമിറ്റ് പുതുക്കുകയും ചെയ്യാമെന്ന് ഹൈക്കോടതി പറയുന്നു. ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിക്ക് ഉത്തരവ് തിരിച്ചടിയാകും. ദീർഘദൂര റൂട്ടുകളിൽ നിലവിൽ പെർമിറ്റ് ഉണ്ടായിരുന്ന പ്രൈവറ്റ് ബസുകൾക്ക് അന്തിമ ഉത്തരവ് വരും വരെ സർവീസ് നടത്താനാകും.
സ്വകാര്യ ബസുകളുടെ അനധികൃത യാത്ര നിയന്ത്രിക്കാനായി ടിക്കറ്റ് നിരക്കിൽ ഇളവുമായി ഇന്നലെ കെഎസ്ആർടിസി രംഗത്തെത്തിയിരുന്നു. 140 കിലോമീറ്ററിന് മുകളിൽ പുതുതായി ആരംഭിച്ച ടേക്ക് ഓവർ ബസുകളിലാണ് ഇളവ് അനുവദിച്ചത്. ടേക്ക് ഓവർ സർവീസുകൾക്ക് 30 ശതമാനം നിരക്ക് ഇളവാണ് പ്രഖ്യാപിച്ചത്.
കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തു വരുന്ന ദീർഘദൂര സർവീസുകൾക്കൊപ്പം എല്ലാം നിയമങ്ങളും ലംഘിച്ച് അനധികൃതമായി സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുകയാണെന്നായിരുന്നു കെഎസ്ആർടിസി അധികൃതരുടെ ആക്ഷേപം. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി നിരക്ക് ഇളവ് പ്രഖ്യാപിച്ചത്.