Wednesday, January 8, 2025
Kerala

ബിബിസി ഡോക്യുമെന്ററിയിൽ ബിജെപി പ്രകോപിതരായിരുന്നു; മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാമാണിത്; പിണറായി വിജയൻ

ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയിൽ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക് നേരെ തിരിഞ്ഞിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാർഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണമെന്നും മുഖ്യമന്ത്രി കുറിച്ചു.

അതേസമയം ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയിൽ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇപ്പോഴും ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നു എന്ന പരിഹാസത്തോടെയാണ് യെച്ചൂരി ട്വീറ്റ് പങ്കുവെച്ചത്.

ബിബിസിയുടെ ന്യൂഡൽഹി, മുംബൈ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണം നടക്കുന്നത്. ഇന്ന് രാവിലെ 11.30ഓടെയാണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയത്.ചില രേഖകളും ഫോണുകളും ഉൾപ്പടെ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ നടക്കുന്നത് സർവേയാണെന്നും പരിശോധനയല്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ജീവനക്കാരുടെ ഫോണുകൾ തിരികെ നൽകുമെന്നും ഇവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *