പാലായിൽ 462 കോടിയുടെ വികസനം നടപ്പാക്കാൻ കഴിഞ്ഞു; മുഖ്യമന്ത്രിക്ക് നന്ദിയെന്ന് മാണി സി കാപ്പൻ
യുഡിഎഫിൽ ചേർന്നതിന് പിന്നാലെ രമേശ് ചെന്നിത്തലയുടെ കേരളാ യാത്രാ വേദിയിലെത്തിയ മാണി സി കാപ്പൻ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു. കഴിഞ്ഞ 16 മാസം കൊണ്ട് 462 കോടിയുടെ വികസനം പാലായിൽ നടപ്പാക്കാൻ കഴിഞ്ഞു. സഖാവ് പിണറായി വിജയനാണ് ഇതിന് സഹായിച്ചതെന്ന് പറഞ്ഞു കൊണ്ടായിരുന്നു മാണി സി കാപ്പന്റെ പ്രസംഗം
25 കൊല്ലം എന്റെ ചോരയും നീരും ഇടതുപക്ഷത്തിനായി ചെലവഴിച്ചു. അത് തിരിച്ചു തരണമെന്നല്ല. പാലാ കൊടുക്കാമെന്ന് പറഞ്ഞാണ് ജോസിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നത്. പാലാ വത്തിക്കാൻ ആണെങ്കിൽ പോപ് വേറെയാണെന്ന് ജോസ് മറന്നുപോയി. പാലായിലെ ജനങ്ങൾ അത് മനസ്സിലാക്കി കൊടുക്കും.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് മൂന്ന് വർഷം ജയിൽവാസം അനുഷ്ഠിച്ചയാളാണ് എന്റെ അച്ഛൻ ചെറിയാൻ ജെ കാപ്പൻ. അദ്ദേഹത്തിന്റെ ജൂനിയറായി പത്ത് വർഷം പ്രവർത്തിച്ച കെ എം മാണിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് അച്ഛാനാണ്.
പിണറായി വിജയൻ ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമ കാണണം. അതിൽ കുടുംബത്തിലേക്ക് കൊണ്ടുവരുന്ന മൊട്ടത്തലയനെ പോലെയാണ് ജോസ് കെ മാണി. യുഡിഎഫ് നേതാക്കൾ സന്തോഷത്തോടെ ജോസ് കെ മാണിയെ എൽ ഡി എഫിന് കൊടുത്തു. അവിടെ തുടങ്ങി എൽ ഡി എഫിന്റെ ഗതികേട്. അടുത്ത ഭരണം യുഡിഎഫിന്റേതാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു