Monday, January 6, 2025
Kerala

നാമക്കലിൽ കുളത്തിൽ കുളിക്കാനിറങ്ങി കാണാതായ ആലപ്പുഴ സ്വദേശി മരിച്ചു

ചാരുംമൂട്: തമിഴ്‌നാട് നാമക്കലിൽ വച്ച് കുളത്തിൽ കുളിക്കാനിറങ്ങി കാണാതായ വ്യാപാരി മരിച്ചു. താമരക്കുളം തുരുത്തിയിൽ തെക്ക് സുലൈമാൻ കുഞ്ഞ് ( നാസർ – 52 ) ആണ് മരിച്ചത്.

നാമക്കൽ ജില്ലയിലെ വളയപ്പെട്ടിയിൽ വച്ച് വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. മൂന്നാഴ്ചയായി തൃച്ചിയിൽ താമസമാക്കി വാഹനത്തിൽ പോയി മെത്തക്കച്ചവടം നടത്തി വരികയായിരുന്നു സുലൈമാനും ബന്ധുവായ അൻസാരിയും ഒപ്പുള്ള ഡ്രൈവറും. കുളിക്കാനായി വാഹനത്തിൽ നിന്നും ഇറങ്ങി കുളക്കരയിലേക്ക് പോയ സുലൈമാനെ വിളിക്കാനായി ചെല്ലുമ്പോൾ കൈലിയും ചെരുപ്പുകളും മാത്രമാണ് കണ്ടത്. ഇയാൾ പടിയിൽ നിന്നും കാൽവഴുതി കുളത്തിൽ വീണുവെന്ന നിഗമനത്തിൽ ഫയർ ഫോഴ്സ് സംഘം രാത്രി 11 വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

കൃഷിയ്ക്ക് വെള്ളമെത്തിക്കാനുള്ള കുളത്തിന് 100 അടിയിലധികം താഴ്ചയുണ്ട്. ഇന്ന് രാവിലെ 7 മണിയോടെ ക്യാമറയിറക്കിയുള്ള പരിശോധനയിൽ ആളെ കണ്ടതോടെ ഫയർഫോഴ്സ് സംഘം വീണ്ടും തെരച്ചിൽ നടത്തി 11 മണിയോടെ മൃതദേഹം പുറത്തെടുത്തു. ഇതിനിടെ സുലൈമാൻ്റെ ബന്ധുക്കളും സമീപ സ്ഥലങ്ങളിലുണ്ടായിരുന്ന സുഹൃത്തുക്കളായ കച്ചവടക്കാരും സ്ഥലത്തെത്തിയിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി നാളെ പുലർച്ചയോടെ മൃതദേഹം വീട്ടിലെത്തിക്കും. രാവിലെ 8ന് താമരക്കുളം കല്ലൂർ പള്ളി കബർസ്ഥാനിൽ കബറടക്കം നടത്തും. 25 വർഷമായി സൗദിയിലെ ദമാമിലും റിയാദിലുമായി ജോലി ചെയ്തുവന്ന സുലൈമാൻ ഒരു വർഷം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്. പരേതരായ ഹസ്സൻകുട്ടി റാവുത്തർ, ഫാത്തിമക്കുഞ്ഞ് എന്നിവരുടെ മകനാണ്. ഭാര്യ: ഷീബ. മക്കൾ: ആഷ്ന, അൽഫീന.

Leave a Reply

Your email address will not be published. Required fields are marked *