കളിക്കുന്നതിനിടെ കെട്ടിടത്തിൻറെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു
മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിൻറെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. പൂക്കോട്ടുംപാടം ചുള്ളിയോട് നസ്റിൻ ബാബു-മുഹ്സിന ദമ്ബതികളുടെ മകൻ മുഹമ്മദ് അസ്ലം ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിൻറെ സഹോദരൻറെ വീട്ടിൽ വച്ചായിരുന്നു അപകടം.
മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി അമ്മ മുഹ്സിനയുടെ സഹോദരൻറെ വീട്ടിലെത്തിയത്. കരുളായി പിലാക്കൽ മുക്കം കടവിന് സമീപത്താണ് ഈ വാടക ക്വാർട്ടേഴ്സ്. മുതിർന്നവർ സംസാരിച്ചു കൊണ്ടിരിക്കെ വീട്ടിലെ മറ്റുകുട്ടികൾക്കൊപ്പം സിറ്റൗട്ടിൽ കളിക്കുകയായിരുന്നു അസ്ലം. ഇതിനിടെ കൈവരിയിലെ കമ്ബികൾക്കിടയിലൂടെ താഴേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഉടൻ തന്നെ നിലമ്ബൂർ ജില്ല ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു. സഹോദരങ്ങൾ: ജനാ ഫാത്തിമ, മുഖ്ദാദ്, ഹാത്തിം.