Sunday, January 5, 2025
Kerala

കോവിഡ് കാലത്ത് പ്രമേഹരോഗികള്‍ ഏറെ ശ്രദ്ധിക്കണം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കോവിഡ് കാലത്ത് പ്രമേഹ രോഗികള്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലോകം കോവിഡിന്റെ പിടിയിലായിരിക്കുന്ന സമയത്താണ് മറ്റൊരു ലോക പ്രമേഹ ദിനം കടന്നു വരുന്നത്. പ്രമേഹരോഗ നിയന്ത്രണത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ‘നഴ്‌സുമാര്‍ക്ക് മാറ്റം സൃഷ്ടിക്കാന്‍ കഴിയും’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ലോകത്ത് 422 മില്യണ്‍ ആളുകള്‍ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കന്റിലും പ്രമേഹം കാരണം ഒരാള്‍ മരണമടയുന്നു. അതേസമയം നമ്മുടെ കേരളം പ്രമേഹ തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം വര്‍ധിച്ചു വരികയാണ്. കുട്ടികളിലും പ്രമേഹ രോഗം വര്‍ധിച്ചുവരികയാണ്. ജീവിത ശൈലിയില്‍ മാറ്റം വരുത്തി ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹം നിയന്ത്രണ വിധേയമാക്കാനാകും. കോവിഡ് ബാധിച്ചാല്‍ ഇത്തരക്കാര്‍ക്ക് രോഗം പെട്ടന്ന് സങ്കീര്‍ണമാകും. കോവിഡ് വരാതിരിക്കാനായി പ്രമേഹ രോഗികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി വ്യക്തമാക്കി.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തില്‍ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തില്‍ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവര്‍ത്തനത്തിനുപയുക്തമായ വിധത്തില്‍ കലകളിലേക്ക് എത്തിക്കണമെങ്കില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം ആവശ്യമാണ്. ഇന്‍സുലിന്‍ അളവിലോ ഗുണത്തിലോ കുറവായാല്‍ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടാന്‍ കാരണമാകുന്നു. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയില്‍ കൂടിയാല്‍ മൂത്രത്തില്‍ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.

കോവിഡ് ബാധിച്ചു മരിച്ചവരില്‍ ധാരാളം പ്രമേഹ രോഗികളുണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ അതീവ ജാഗ്രത പുലര്‍ത്തണം. പ്രമേഹമുള്ളവര്‍ക്ക് കോവിഡ് ബാധയുണ്ടായാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ വ്യതിയാനമുണ്ടാകുന്നതു കൊണ്ട് പ്രമേഹരോഗത്തിന്റെ സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. പ്രമേഹ രോഗികള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി നിരീക്ഷിക്കുക. ഭക്ഷണം ക്രമീകരിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും മരുന്നുകള്‍ കഴിക്കുന്നതിലൂടെയും പ്രമേഹം നിയന്ത്രിക്കുക. പനി, ചുമ, ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട് എന്നിവ കണ്ടാലുടന്‍ വൈദ്യസഹായം തേടുക.

Leave a Reply

Your email address will not be published. Required fields are marked *