Saturday, October 19, 2024
Kerala

വടക്കൻ ജില്ലകളിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; വയനാട് വീടിന് മുകളിൽ മരം വീണ് ആറ് വയസ്സുകാരി മരിച്ചു

വടക്കൻ കേരളത്തിൽ അതിശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ആരംഭിച്ച കാറ്റ് പുലർച്ചെ വരെ നീണ്ടുനിന്നു. വയനാട് തവിഞ്ഞാലിൽ വീടിന് മുകളിൽ മരം വീണ് ആറ് വയസ്സുകാരി മരിച്ചു. വാളാട് തോളക്കര കോളനിയിൽ ബാബുവിന്റെ മകൾ ജ്യോതികയാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.

കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലും പരക്കെ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പുതിയങ്ങാടി, ഈസ്റ്റ് ഹിൽ, കോവൂർ, മാളിക്കടവ് ഭാഗങ്ങളിലെല്ലാം മരം പൊട്ടിവീണു. ഗതാഗതവും വൈദ്യുതിബന്ധവും തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

കണ്ണൂരിൽ മൂന്ന് വീടുകൾ മരം വീണ് തകർന്നു. അഞ്ച് പേർക്ക് പരുക്കേറ്റു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് യാത്രക്കാർക്കും പരുക്കേറ്റു. വൈദ്യുത ലൈൻ തകരാറിലായി. മേലെ ചൊവ്വയിൽ ദേശീയ പാതയ്ക്ക് കുറുകെ കൂറ്റൻ മരം വീണു. മണിക്കൂറുകൾക്ക് ശേഷമാണ് ഗതഗാതം പുനസ്ഥാപിച്ചത്. കണ്ണൂർ സിറ്റിയിൽ കടകളുടെ ഓടുകളും മേൽക്കൂരയിലെ ഷീറ്റുകളും പാറിപ്പോയി.

കാസർകോട് ജില്ലയിൽ ചെറുവത്തൂർ, ബന്തടുക്ക, തൃക്കരിപ്പൂർ, ചീമേനി, വെള്ളരിക്കുണ്ട് മേഖലകളിലൊക്കെ അതിശക്തമായ കാറ്റാണുണ്ടായത്. നിരവധി മരങ്ങൾ കടപുഴകി. വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു

Leave a Reply

Your email address will not be published.