വീടിനു തീയിട്ടു, ഗൃഹനാഥന്‍ മുറ്റത്തെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ, സ്ഫോടനത്തോടെ വീട് കത്തിനശിച്ചു
വീടിനു തീയിട്ട ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. പത്തനാട് കങ്ങഴ നൂലുവേലി വാലുമണ്ണേല്‍പ്പടി എംവി ഹരിദാസ് (60) ആണു മരിച്ചത്.വീടിനു തീയിട്ട ശേഷം ഇയാള്‍ മുറ്റത്തെ പ്ലാവില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്കാണു സംഭവമുണ്ടായത്.
സ്ഫോടനശബ്ദത്തോടെയാണ് വീട് കത്തിനശിച്ചത്. ശബ്ദം കേട്ടെത്തിയ അയല്‍ക്കാരാണ് ഹരിദാസിന്റെ വീടിന്റെ മേല്‍ക്കൂര കത്തുന്നതു കണ്ടത്. ഉടന്‍ കറുകച്ചാല്‍ പൊലീസില്‍ വിവരമറിയിച്ചു. പിന്നാലെ, പാമ്പാടിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഇതിനിടെയാണ് ഹരിദാസ് ആത്മഹത്യ ചെയ്തത്.
വീട്ടിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചാണു സ്‌ഫോടനം ഉണ്ടായതെന്നു പൊലീസ് പറഞ്ഞു. പാചകവാതക സിലിണ്ടര്‍ വീട്ടില്‍ നിന്നു മാറ്റിവച്ച ശേഷമാണ് ഇയാള്‍ തീയിട്ടത്. തീ മറ്റിടങ്ങളിലേക്കു പടരാതിരിക്കാന്‍ ചുറ്റും വെള്ളം നനച്ചിരുന്നു. വീട്ടുപകരണങ്ങളും വാതിലും ജനലും കത്തിനശിച്ചു. ഈ സമയം വീട്ടില്‍ മറ്റാരുമില്ലായിരുന്നു. ഭാര്യയ്ക്കൊപ്പമാണ് ഹരിദാസ് വീട്ടില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യയെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ഇവര്‍ക്കു മക്കളില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ ദുരൂഹതയില്ലെന്നു കറുകച്ചാല്‍ പൊലീസ് പറഞ്ഞു.