Monday, January 6, 2025
Kerala

യുഎഇയില്‍ മകനെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു; വി മുരളീധരന്റെ വാദങ്ങള്‍ പൊളിയുന്നു

മുഖ്യമന്ത്രി പിണറായി വിജയന് യുഎഇ സന്ദര്‍ശനത്തിന് അനുമതിയില്ലെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വാദം പൊളിയുന്നു. യുഎഇയിലുള്ള മകനെ കാണാന്‍ മുഖ്യമന്ത്രിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയതിന്റെ രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു. ഈ മാസം 10നാണ് മുഖ്യമന്ത്രി കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിച്ചത്. സ്വകാര്യ സന്ദര്‍ശനത്തിന് എതിര്‍പ്പില്ലെന്ന് മറുപടിയായി കേന്ദ്രം അറിയിക്കുകയും ചെയ്തു.

അനുമതി തേടുമ്പോള്‍ യുഎഇ സന്ദര്‍ശനത്തിന്റെ കാര്യം മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചില്ലെന്നായിരുന്നു വി മുരളീധരന്റെ ആരോപണം. യുഎഇയില്‍ താമസിക്കുന്ന മകനെ കാണാനാണ് പോകുന്നതെന്ന് വ്യക്തമായി മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചിരുന്നു.

യൂറോപ്പ്- യുകെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ദുബായ് സന്ദര്‍ശിച്ചിരുന്നു. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശനം നടത്തിയത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങള്‍ പഠിക്കുകയായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം.

അതേസമയം യാത്രയില്‍ ദുരൂഹത ഉണ്ടെന്നും മുന്‍ വിദേശ യാത്രകള്‍ കൊണ്ട് ഉണ്ടായ ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ലക്ഷകണക്കിന് രൂപ ധൂര്‍ത്തടിച്ചുകൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നടത്തുന്ന വിദേശയാത്ര ഒരു ആവശ്യവുമില്ലാത്തതെന്ന് ബിജെപിയും ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *