മുഖ്യമന്ത്രിയുടെ വിദേശയാത്ര റദ്ദാക്കി; കോടിയേരിയെ കാണാന്‍ നാളെ ചെന്നൈയിലേക്ക്
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര റദ്ദാക്കി. ഇന്ന് രാത്രി ഫിന്‍ലന്‍ഡിലേക്ക് പോകാനായിരുന്നു തീരുമാനം. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് തിരിക്കും.
ഇന്ന് വൈകിട്ട് കൊച്ചിയിലെത്തി പുലര്‍ച്ചെയോടെ മുഖ്യമന്ത്രി വിദേശത്തേക്ക് തിരിക്കാനായിരുന്നു ആദ്യഘട്ട തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം കോടിയേരിയുടെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.
മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും ചീഫ് സെക്രട്ടറിയുമാണ് വിദേശത്തേക്ക് പോകാന്‍ നിശ്ചയിച്ചിരുന്നത്. ഫിന്‍ലന്‍ഡ് വിദ്യഭ്യാസ മാതൃക പഠിക്കുകയാണ് ലക്ഷ്യം. ഫിന്‍ലന്‍ഡ്, നോര്‍വേ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്. യാത്ര മാറ്റിയത് ഏത് ദിവസത്തേക്കാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.