Tuesday, January 7, 2025
Kerala

’25 പേജ് കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുമുണ്ട്’; വെളിപ്പെടുത്തി ദല്ലാൾ നന്ദകുമാർ

സോളാർ കേസിൽ പരാതിക്കാരി പുറത്തുവിട്ട കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടെന്ന് ദല്ലാൾ നന്ദകുമാർ. തന്നെ ശാരീരികമായി ഉമ്മൻ ചാണ്ടി ബുദ്ധിമുട്ടിച്ചുവെന്നായിരുന്നു ആ കത്തിന്റെ തുടക്കമെന്ന് നന്ദകുമാർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

കത്ത് പുറത്ത് വിടാനുള്ള കാരണം ദല്ലാൾ നന്ദകുമാർ പറയാതെ പറയുന്നുണ്ട്. 2011-16 വരെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദല്ലാൾ നന്ദകുമാറിനെതിരെ ഉമ്മൻ ചാണ്ടി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇക്കാലയളവിൽ തന്നെ തേജോവധം ചെയ്യാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചുവെന്നാണ് നന്ദകുമാർ പറയുന്നത്. ഈ വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താൻ കത്ത് തേടിയിറങ്ങിയതെന്നും കത്തിനെ കുറിച്ച് പറഞ്ഞു തന്നത് വി.എസ് അച്യുതാനന്ദനാണെന്നും നന്ദകുമാർ പറയുന്നു.

‘2016 ഫെബ്രുവരി മാസം സോളാർ കേസിൽ പരാതിക്കാരി ഉമ്മൻ ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് വ്യക്തമായി അന്വേഷിക്കാൻ വി.എസ്അച്യുതാനന്ദൻ എന്നോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ ശരണ്യ മനോജിനെ ഫോണിൽ ബന്ധപ്പെടുകയും, അദ്ദേഹം എറണാകുളത്ത് വന്ന് ഉമ്മൻ ചാണ്ടിയുടെ പേരുള്ള കത്ത് അടക്കം ഒരു ഡസൻ കത്തുകൾ എനിക്ക് തന്നു. ഈ കത്ത് കിട്ടിയപ്പോൾ തന്നെ അത് വി.എസിനെ കാണിക്കുകയും അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കാണിക്കുകയും ചെയ്തു. ഈ കത്തിനെ കുറിച്ച് സംസാരിച്ചു. അതിന് ശേഷമാണ് എനിക്കറിയാവുന്ന മാധ്യമ പ്രവർത്തകനെ കത്ത് ഏൽപ്പിക്കുന്നത്’- നന്ദകുമാർ പറഞ്ഞു.

കത്ത് ലഭിച്ചയുടൻ പിണറായി വിജയനെ കണ്ട് സംസാരിച്ചിരുന്നുവെന്നും പ്രസിദ്ധീകരിക്കുന്ന കാര്യങ്ങളെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. പിണറായി വിജയൻ വാക്കാൽ ഒന്നും പറഞ്ഞില്ലെങ്കിലും ചില മുഖഭാവങ്ങളുണ്ടായിരുന്നുവെന്നും നന്ദകുമാർ പറയുന്നു. കത്ത് പുറത്ത് വിടാൻ വി.എസ്സോ പിണറായിയോ സമ്മർദം ചെലുത്തിയിട്ടില്ലെന്നും നന്ദകുമാർ പറയുന്നു. താൻ പരാതിക്കാരിക്ക് പണം നൽകിയതിനെ കുറിച്ചും നന്ദകുമാർ പ്രതികരിക്കുന്നുണ്ട്.

‘ഒരു സാമ്പത്തികവും വാങ്ങിയല്ല കത്ത് കൊടുത്തത്. കത്ത് എനിക്ക് നൽകിയതിന് പ്രതിഫലമായി 1.25 രൂപ പരാതിക്കാരി കൈപ്പറ്റി. എന്നെ കാണാൻ പരാതിക്കാരിയും ശരണ്യയും എറണാകുളം ശിവക്ഷേത്രം കോമ്പൗണ്ടിൽ വന്നപ്പോൾ തമ്പാനൂർ രവിയും, ബെന്നി ബെഹനാനും ചേർന്നു പണം നൽകാമെന്ന് പറഞ്ഞ പറ്റിച്ച വിവരം പരാതിക്കാരി എന്നോട് പറഞ്ഞു. അമ്മയുടെ ചികിത്സയ്ക്ക് പണം നൽകാമെന്ന് പറഞ്ഞ് മണിക്കൂറുകളോളം നിർത്തി കഷ്ടപ്പെടുത്തിയെന്നാണ് പരാതിക്കാരി പറഞ്ഞത്. ആ പശ്ചാത്തലത്തിലാണ് ഞാൻ ഒരു ലക്ഷം നൽകിയത്. ഇതല്ലാതെ മറ്റൊരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ല. മാധ്യമപ്രവർത്തകനോട് എന്റെ കൈയിൽ രണ്ട് കത്തുണ്ടെന്നാണ് പറഞ്ഞത്. 25 പേജുള്ള കത്തും 19 പേജുള്ള കത്തുമാണ് കൈവശം ഉണ്ടായിരുന്നത്. ഈ 25 പേജുള്ള കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ട്. തന്നെ ശാരീരികമായി ഉമ്മൻ ചാണ്ടി ബുദ്ധിമുട്ടിച്ചുവെന്നായിരുന്നു ആ കത്തിന്റെ തുടക്കം. ഇപ്പോൾ ഞാൻ ഗൂഡാലോചന നടത്തി ഈ കത്ത് വ്യാജമായി നിർമിച്ചുവെന്ന രീതിയിലാണ് പുറത്ത് വരുന്നത്’- നന്ദകുമാർ പറഞ്ഞു.

താനാണ് പരാതിക്കാരിക്ക് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയതെന്ന് ആരോപണത്തേയും നന്ദകുമാർ തള്ളുന്നുണ്ട്. ‘2016 ൽ പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ട് ഒരു പരാതി നൽകിയിരുന്നു. ആ പരാതിയിൽ പരാതിക്കാരെ ഉമ്മൻ ചാണ്ടിക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി പരാതിക്കാരിയെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തുവെന്നാണ് പരാതി. ഈ പരാതി കൊടുക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനം ചെലുത്തുകയോ, പരാതിക്കാരിക്ക് സമയം വാങ്ങി നൽകുകയോ ചെയ്തിട്ടില്ല’- നന്ദകുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *