Monday, January 6, 2025
Kerala

കാലം സത്യം തെളിയിക്കും, സോളാർ കേസിന്റെ ഗൂഢാലോചന സിബിഐ പുറത്തു കൊണ്ടുവരട്ടെ; ചാണ്ടി ഉമ്മൻ

സോളാർ കേസിൽ ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്ന് ചാണ്ടി ഉമ്മൻ. ഗൂഢാലോചന സിബിഐ പുറത്തു കൊണ്ടുവരട്ടെ. കാലം സത്യം തെളിയിക്കും,എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്ത് വരുമെന്നും സോളാറിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

പുതുപ്പള്ളി ഹൗസിലേക്ക് വന്നപ്പോൾ ഒരു പാട് ഓർമ്മകൾ നൽകുന്നു. സാധരണക്കാരെ ചേർത്ത് പിടിക്കുന്നതിൽ ഉമ്മൻ ചാണ്ടിയുടെ മാർഗം പിന്തുടരും. പുതുപ്പള്ളി ഹൗസിലും പുതുപ്പള്ളിയിലും ഒരു പോലെ പ്രവർത്തിക്കും. വീട് ഇവിടെയല്ലേ, അപ്പോൾ തിരുവനന്തപുരത്ത് വരേണ്ടി വരില്ലേ എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് വന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിബിഐ റിപ്പോർട്ട്. കെ.ബി.ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ് എന്നിവർക്കു പുറമേ വിവാദ ദല്ലാളും ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാനുള്ള ഗൂഡാലോചനയിൽ പങ്കാളിയായെന്നു സി.ബി.ഐ ശേഖരിച്ച മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അംഗീകരിച്ച റിപ്പോർട്ടിലാണ് ഗൂഡാലോചന വിവരങ്ങൾ സി.ബി.ഐ നിരത്തുന്നത്.

പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ, പരാമർശമോയില്ലായിരുന്നെന്നും പിന്നീട് കൂട്ടിച്ചേർത്തതാണെന്നുമാണ് സി.ബി.ഐ കണ്ടെത്തൽ. പരാതിക്കാരിയുടെ കത്ത് തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ കത്ത് കൈവശപ്പെടുത്തുകയായിരുന്നു. ശരണ്യ മനോജ് നൽകിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് കേസിലേക്ക് വിവാദ ദല്ലാൾ കടന്നു വരുന്നത്.

കേസുമായി പരാതിക്കാരിയെ മുന്നോട്ടു പോകാൻ സഹായിച്ച ഇയാൾ സി.ബി.ഐ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയുടെ അടുത്തും എത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു ഉദ്യേശ്യം. ക്ലിഫ് ഹൗസിനുള്ളിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.എന്നാൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു സി.ബി.ഐ റിപ്പോർട് പറയുന്നു. പീഡനവിവരം സാക്ഷിയായി പറയണമെന്നു പി.സി.ജോർജിനോടു ആവശ്യപ്പെട്ടു. എന്നാൽ മൊഴി നൽകുമ്പോൾ പി.സി.ജോർജ് ഇക്കാര്യം നിഷേധിച്ചിരുന്നെന്നും സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *