‘കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഇല്ലായിരുന്നു, പകരമുണ്ടായിരുന്നത് ഗണേഷ് കുമാറിന്റെ പേര്’ : ഫെനി ബാലകൃഷ്ണൻ
സോളാർ കേസ് പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരെഴുതി ചേർത്തത് ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരം പി.എ പ്രദീപും ബന്ധു ശരണ്യ മനോജും ചേർന്നാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ അഡ്വ. ഫെനി ബാലകൃഷ്ണൻ. രണ്ടാം പേജിൽ ഗണേഷ് കുമാറിന്റെ പേരുമുണ്ടായിരുന്നു. എന്നാൽ ആ പേര് അവർ ഒഴിവാക്കി.
പരാതിക്കാരിയുടെത് കത്തല്ല, മറിച്ച് പെറ്റീഷന്റെ ഒരു ഡ്രാഫ്റ്റാണെന്ന് ഫെനി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. പരാതിക്കാരി പറഞ്ഞിട്ടാണ് താൻ കത്ത് ഗണേഷ് കുമാറിന്റെ പി.എയ്ക്ക് നൽകിയതെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.
‘പരാതിക്കാരി എനിക്ക് നൽകിയ കത്തിൽ 21 പേജുള്ളു. പത്തനംതിട്ട സബ് ജെയിലിൽ നിന്ന് അതെടുത്ത് പുറത്തേക്ക് വന്നപ്പോൾ ഞാൻ അത് രേഖപ്പെടുത്തിയിരുന്നു. ശേഷം പരാതിക്കാരിയുടെ നിർദേശ പ്രകാരം ഗണേഷ് കുമാറിന്റെ പി.എ ആയ പ്രദീപിന് അത് കൈമാറി. അതിന് പത്ത് പതിനഞ്ച് മിനിറ്റിന് ശേഷം അദ്ദേഹം ഒരു ചുവന്ന കാറിൽ വന്നു. ആ കാറിൽ കയറിയാണ് ബാലകൃഷ്ണ പിള്ള സാറിനടുത്തേക്ക് കൊണ്ടുപോയത്. അദ്ദേഹം അവിടെ ഇല്ലായിരുന്നു. കത്തുമായി പ്രദീപ് പോയി. ഒരു മൂന്ന് മണിക്കൂർ എന്നെ അവിടെ ഇരുത്തിയ ശേഷം ഇവർ വന്നിട്ട് പറഞ്ഞു എല്ലാം ഏർപാടാക്കിയിട്ടുണ്ട്, വക്കീലിനെ തിരിച്ചുകൊണ്ട് വിടകയാണെന്ന്. അതിന് ശേഷം ആ അധ്യായം അവിടെ അവസാനിച്ചു’- ഫെനി പറഞ്ഞു.
പിന്നീട് പരാതിക്കാരി ജയിലിൽ നിന്നിറങ്ങി രണ്ട് ദിവസം തന്റെ വീട്ടിൽ താമസിച്ച ശേഷം പിന്നീട് ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരം ശരണ്യ മനോജിന്റെ വീട്ടിലാണ് താമസിച്ചതെന്ന് ഫെനി ബാലകൃഷ്ണൻ പറഞ്ഞു. എന്നാൽ ഗണേഷ് കുമാറിനെ മന്ത്രിയാക്കണമെന്ന നീക്കം അണിയറയിൽ നടക്കുന്നുണ്ടായിരുന്നുവെന്നും പക്ഷേ ആ നീക്കം പരാജയപ്പെട്ടുവെന്ന് മനസിലായപ്പോൾ ശരണ്യ മനോജും പ്രദീപും എന്നെ സമീപിച്ചിട്ട് ഒരു വാർത്താ സമ്മേളനം നടത്താൻ പറഞ്ഞുവെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.
‘കൊട്ടാരക്കര-തിരുവന്തപുരം റൂട്ടിൽ പൊയ്‌കൊണ്ടിരുന്നപ്പോൾ ശരണ്യ മനോജ് എനിക്ക് ഒരു കത്ത് നൽകിയിട്ട് പറഞ്ഞു അത് വായിച്ചു നോക്കാൻ. അത് തുറന്ന് നോക്കിയപ്പോൾ അതിൽ ഉമ്മൻ ചാണ്ടിയുടേയും ജോസ്.കെമാണിയുടേയും പേരുണ്ടായിരുന്നു. ഇത് മോശപ്പെട്ട പരിപാടിയാണല്ലോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരമാണെന്ന്. എന്തായാലും സാറിന് മന്ത്രിയാകാൻ പറ്റിയില്ല, ഇനി മുഖ്യനെ താഴെയിറക്കണമെന്ന് പറഞ്ഞു. പ്രദീപ് പറയുന്നത് കത്ത് പരാതിക്കാരിയുടെ വീട്ടിൽ കൊണ്ടുപോയി അവരുടെ കൈപടയിൽ പേര് എഴുതി ചേർത്ത് ഡ്രാഫ്റ്റ് ചെയ്തിട്ട് വാർത്താ സമ്മേളനം നടത്താനാണ്. ശരണ്യ മനോജ് ഇപ്പോൾ പറയുന്നത് അദ്ദേഹം നിരപരാധിയാണെന്നാണ്. എന്നാൽ തുടക്കം മുതൽ തന്നെ ഇതിന്റെ സൂത്രധാരൻ ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ പി.എ ആയ പ്രദീപും ശരണ്യ മനോജുമാണ്’- ഫെനി ബാലകൃഷ്ണൻ പറഞ്ഞു.
താൻ ഈ പത്ര സമ്മേളനം നടത്തിയത് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വേണ്ടിയാണെന്നും, ഇനി ആർക്കെതിരെയും ഇങ്ങനെ ഒരു ആരോപണമുണ്ടാകരുതെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.