കൊച്ചിയിൽ മത്സ്യ തൊഴിലാളിക്ക് കടലിൽ വെടിയേറ്റ സംഭവം; വെടിയുണ്ട ഇൻസാസ് തോക്കിലേതെന്ന് സ്ഥിരീകരണം
കൊച്ചിയിൽ മത്സ്യ തൊഴിലാളിക്ക് കടലിൽ വെടിയേറ്റ സംഭവത്തിൽ വെടിയുണ്ട ഇൻസാസ് തോക്കിലേതെന്ന് സ്ഥിരീകരിച്ചു. വെടിയേറ്റത് മത്സ്യ തൊഴിലാളിയുടെ കിഴക്ക് വശത്തുകൂടി ആകാമെന്നും പ്രാഥമികനിഗമനം ഐഎൻഎസ് ദ്രോണാചാര്യയിൽ ബാലിസ്റ്റിക് സംഘം പരിശോധന പൂർത്തിയാക്കി. അന്വേഷണ സംഘത്തിന് ആവശ്യമായ വിവരങ്ങൾ രേഖാമൂലം കൈമാറി എന്ന് നേവി.
കൊച്ചിയിൽ മത്സ്യത്തൊഴിലാളിയായ സെബാസ്റ്റ്യന് കടലിൽ വച്ച് വെടിയേറ്റത് ഇൻസാസ് തോക്കിൽ നിന്ന് എന്ന് സ്ഥിരീകരിച്ചു. 100 മുതൽ 400 മീറ്റർ വരെയാണ് ഇൻസാസ് തോക്കുകളുടെ റേഞ്ച്. വെടിയുതിർക്കുന്ന ആംഗിളിന് അനുസരിച്ച് റേഞ്ചിലും വ്യത്യാസമുണ്ടാകും. കിഴക്കുവശത്ത് കൂടിയാണ് സെബാസ്റ്റ്യൻ വെടിയേറ്റതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ .ബോട്ടിന്റെ സഞ്ചാരപഥവും സെബാസ്റ്റ്യന്റെ മൊഴിയും പരിഗണിച്ചാണ് അന്വേഷണസംഘം നിഗമനത്തിൽ എത്തിയത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതിന് ബാലിസ്റ്റിക് റിപ്പോർട്ട് കൂടി ലഭ്യമാകേണ്ടതുണ്ട്. ഐഎൻഎസ് ദ്രോണാചാര്യയിൽ ബാലിസ്റ്റിക് സംഘം പരിശോധന നടത്തി. വെടിവെപ്പ് പരിശീലനത്തിൽ ഉപയോഗിച്ച തോക്കുകൾ തിരകൾ എന്നിവ സംബന്ധിച്ച് അന്വേഷണസംഘം നേവിയിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നു. അന്വേഷണസംഘം ആവശ്യപ്പെട്ട വിവരങ്ങൾ രേഖാമൂലം നേവി നൽകിയിട്ടുണ്ട്.