ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു; വെടിയുണ്ട നാവികസേനയുടേതല്ല
ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. അഴീക്കൽ സ്വദേശി സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. അൽ റഹ്‌മാൻ നമ്പർ വൺ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളിക്കാണ് വെടിയേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. നാവിക സേനയുടെ ഐഎൻഎസ് ദ്രോണാചാര്യക്ക് സമീപത്ത് കൂടെ വരുമ്പോഴാണ് വെടിയേറ്റതെന്ന് കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ അറിയിച്ചു. വലത് കാതിലാണ് വെടിയേറ്റത്. ബോട്ടിൽ വെടിയുണ്ടയുടെ അവശിഷ്ടം കണ്ടെത്തി. മത്സ്യത്തൊഴിലാളിയെ മട്ടാഞ്ചേരി ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, വെടിയുണ്ട തങ്ങളുടേത് അല്ലെന്ന് നാവിക സേന വ്യക്തമാക്കി. ആശുപത്രിയിലെത്തി വെടിയുണ്ടയുടെ അവശിഷ്ടം പരിശോധിച്ച ശേഷമാണ് പ്രതികരണം.