ഓണസദ്യ ചവറുകൂനയിൽ വലിച്ചെറിഞ്ഞ സംഭവത്തില്‍ ഏഴ് പേർക്ക് സസ്പെൻഷൻ, നാലുപേരെ പിരിച്ചുവിടും
തിരുവനന്തപുരം:ഓണസദ്യ വലിച്ചെറിഞ്ഞ സംഭവത്തില്‍ ഏഴ് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍.നാല് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികള്‍ക്ക് എതിരെയാണ് നടപടി. ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം തൊഴിലാളികള്‍ ഓണസദ്യ മാലിന്യത്തിലെറിഞ്ഞത്.
ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ സര്‍ക്കിള്‍ ഓഫിസുകളില്‍ ഓണാഘോഷം. ഓഫിസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ വേണം ആഘോഷിക്കാനെന്ന് സെക്രട്ടറിയുടെ നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ തൊഴിലാളികള്‍ രാവിലെ ആഘോഷം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ ജോലി കഴിഞ്ഞ് മതിയെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിച്ചു. ഇതാണു ജീവനക്കാരെ പ്രകോപിപ്പിച്ചത്.
ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണു മുപ്പതോളം പേര്‍ക്കു കഴിക്കാനുള്ള ആഹാരം നശിപ്പിച്ചത്. ഓണാഘോഷം തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിലുള്ള പ്രതിഷേധമെന്നാണ് യൂണിയന്റെ ന്യായീകരണം